malappuram local

പൊന്നാനിയില്‍ കടല്‍മണല്‍ ഖനനം : നിയന്ത്രണം സര്‍ക്കാരിന്‌



പൊന്നാനി: പൊന്നാനി മോഡല്‍ മണല്‍ ശുദ്ധീകരണത്തിന് ഒരുക്കങ്ങളായി. നിയന്ത്രണങ്ങളത്രയും സര്‍ക്കാരിന് മാത്രമാവും. കരാര്‍ കമ്പനിക്ക് മണല്‍ കഴുകാനുള്ള അധികാരം മാത്രവുമാണ് ലഭിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മാന്വല്‍ ഡ്രഡ്ജിങ് നയമനുസരിച്ചുള്ള പൊന്നാനി തുറമുഖ മണല്‍ഖനനത്തിന് ഒരുക്കങ്ങളായി. ഏഴിന് കുറ്റിപ്പുറത്തെ കിന്‍ഫ്ര പാര്‍ക്കില്‍ പദ്ധതിക്ക് തുടക്കമാവും. 590 കി മീ നീളമുള്ള കേരള തീരത്ത് 17 നോണ്‍ മേജര്‍ തീരങ്ങളാണുള്ളത്. ഇതില്‍ വിഴിഞ്ഞം തങ്കശ്ശേരി, ബേപ്പൂര്‍ അഴീക്കല്‍ തുറമുഖങ്ങള്‍ ചരക്കു യാത്ര കപ്പലുകള്‍  വന്നു പോവുന്നതും പൊന്നാനി തുറമുഖം വികസിച്ചു വരുന്നതും മഞ്ചേശ്വരം നീലേശ്വരം കണ്ണൂര്‍, കാസര്‍കോട്, തലശ്ശേരി, വടകര, കായംകുളം തുടങ്ങിയവ മല്‍സ്യബന്ധന തുറമുഖങ്ങളുമാണ്. തുറമുഖങ്ങളില്‍ കപ്പലുകളുടെയും മല്‍സ്യബന്ധന യാനങ്ങ ള്‍ ഉള്‍പ്പെടെയുള്ളവയുടെയും സുഗമമായ പോക്കുവരവിന് ചാനലിന്റെയും ബേസിലിന്റെയും ആഴം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി മണ്ണുമാന്തി കപ്പല്‍ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് സര്‍ക്കാരിന് ബാധ്യതയാണെന്നുമുള്ള റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാന്വല്‍ ഡ്രഡ്ജിങിന് സര്‍ക്കാര്‍ പുതിയ നയം കൊണ്ടുവന്നത്. ഇതുവഴി പദാര്‍ത്ഥങ്ങള്‍ എടുത്ത് മാറ്റുമ്പോള്‍ തുറമുഖവകുപ്പിന് ചെലവില്ലാതെ നിശ്ചിത തുക വരുമാനം ഉറപ്പാക്കുന്നതാണ് പുതിയ പദ്ധതി. തുറമുഖങ്ങളിലെ മാന്വല്‍ ഡ്രഡ്ജിങ് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സുതാര്യമായ രീതിയില്‍ മുന്‍കാല മണല്‍ത്തൊഴിലാളികള്‍ക്ക് പ്രാമുഖ്യം നല്‍കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ മണല്‍ ഉള്‍പ്പെട്ട പദാര്‍ത്ഥം ശേഖരിച്ച് തുറമുഖവകുപ്പിന് കൈമാറും. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങ ള്‍ക്കും തൊഴിലാളിക്കും തുറമുഖവകുപ്പ് തന്നെ വരുമാന വിഹിതം നിശ്ചയിക്കും. പിന്നീട് ഖനനം ചെയ്ത പദാര്‍ത്ഥം കരാര്‍ ലഭിച്ചിട്ടുള്ള സ്വാകാര്യ കമ്പനി വഴി ശുദ്ധീകരിക്കും. ശുദ്ധീകരിച്ചെടുത്ത മണല്‍ വില്‍പന നടത്തുന്നതും ഉപഭോക്താക്കളെ നിശ്ചയിക്കുന്നതും തുറമുഖ വകുപ്പ് തന്നെയാണ്. ഇവ കൊണ്ടുപോവുന്നതിന് മാനദണ്ഡങ്ങള്‍ പ്രകാരം ജിയോളജി വകുപ്പിന്റെ പാസും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ പരിശോധിക്കുന്നതിന് തുറമുഖ വകുപ്പിന്റെ ഡയറക്ടറേറ്റില്‍ പ്രത്യേകം സംവിധാനം എര്‍പ്പെടുത്തും. കടവുകളിലെ പ്രവര്‍ത്തനം പരിശോധിക്കുന്നതിന് തുറമുഖം, പോലിസ്, റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത കമ്മിറ്റി രൂപീകരിക്കും. എല്ലാ മാസവും റീജ്യനല്‍ പോര്‍ട് ഓഫിസ് തലത്തിലും മൂന്ന് മാസത്തിലൊരിക്കല്‍ തുറമുഖ ഡയറക്ടറേറ്റ് തലത്തിലും അവലോകനം നടത്തി ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുന്നതു കൂടാതെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജില്ലാകലക്ടര്‍ ചെയര്‍മാനായി രൂപീകരിക്കുന്ന കമ്മിറ്റിയും പ്രത്യേകം യോഗം ചേരും. സര്‍ക്കാരും തുറമുഖ വകുപ്പും നല്‍കിയ മാനദണ്ഡങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും ഉറപ്പാക്കുന്നതാണ് പുതിയ പദ്ധതി.മണല്‍ ഉള്‍പ്പെട്ട പദാര്‍ത്ഥം തുറമുഖത്ത് നിന്നും ശേഖരിക്കുന്നതും ശുദ്ധീകരിച്ച മണല്‍ വില്‍പന നടത്തുന്നതും പൂര്‍ണമായും സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാകയാല്‍ അഴിമതിക്കും നിയമവിരുദ്ധ പ്രവര്‍ത്തികള്‍ക്കുമുള്ള പഴുതാണ് അടയുന്നത്. കരാര്‍ കമ്പനി മണല്‍ കഴുകാനുള്ള ഏജന്‍സി മാത്രമായിരിക്കുമെന്നതും പ്രത്യേകതയാണ്.
Next Story

RELATED STORIES

Share it