പൊന്നാനിയില്‍ കടലാക്രമണം രൂക്ഷം;വീടുകളിലേക്ക് വെള്ളം കയറി

സ്വന്തം പ്രതിനിധി

പൊന്നാനി: പൊന്നാനി മുറിഞ്ഞഴി ഭാഗം, ചുവന്ന റോഡ്, ഹിളര്‍പള്ളി, പുതുപൊന്നാനി, പുതിയിരുത്തി, കാപ്പിരിക്കാട്, പാലപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ കടല്‍ ക്ഷോഭം. കടല്‍ ക്ഷോഭത്തില്‍ മുറിഞ്ഞഴി, പൊന്നാനി ഭാഗങ്ങളില്‍ വീടുകള്‍ ചിലത് പൂര്‍ണമായും ചിലത് ഭാഗികമായും തകര്‍ന്നു. പുലര്‍ച്ചെ അഞ്ചിന് തുടങ്ങിയ കടല്‍ക്ഷോഭം രാത്രി വൈകിയും തുടരുകയാണ്. ഈ ഭാഗങ്ങളില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ആരുംതന്നെ തയ്യാറായില്ല. കടല്‍ഭിത്തി ഈ ഭാഗങ്ങളില്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നാണ് പൊന്നാനിയില്‍ കടലാക്രമണമുണ്ടായത്. പുലര്‍ച്ചെ ആറു മുതല്‍ തിരമാലകള്‍ വീടുകളിലേക്ക് ആഞ്ഞടിച്ചു. പൊന്നാനി മുറിഞ്ഞഴിഭാഗത്താണ് കടലാക്രമണം ശക്തമായത്. മുറിഞ്ഞഴിയിലെ പത്ത് വീടുകളിലേക്കും പാലപ്പെട്ടി കാപ്പിരിക്കാട് ഒരു വീട്ടിലേക്കും വെള്ളം കയറി. മുറിഞ്ഞഴി സ്വദേശികളായ പറമ്പില്‍ സുഹ്‌റാബി, മോയിന്റെ വീട്ടില്‍ ഹാജറ, മാമുഞ്ഞിക്കാന്റകത്ത് കുഞ്ഞിപ്പാത്തു, ആല്യാമാക്കാനകത്ത് ഇമ്പിച്ചി ബീവി, കുട്ട്യാമാക്കാനകത്ത് പള്ളിക്കുട്ടി, കുഞ്ഞി മരക്കാരകത്ത് സീനത്ത്, ചുണ്ടന്റെ വീട്ടില്‍ ആയിഷ, തണ്ടക്കാരന്റെ ഷരീഫ, മഞ്ഞങ്ങാന്റെ ഹൗസില്‍ അറ്ററ്റ്, കുട്ട്യാമാക്കാനകത്ത് ഹുസൈനാര്‍ പാലപ്പെട്ടി കാപ്പിരിക്കാട് സ്വദേശി തയ്യില്‍ ഖദീജ എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്. കൂടാതെ കുഞ്ഞിപ്പാത്തുവിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് അടുക്കള ഭാഗം തകര്‍ന്നു. കടല്‍ഭിത്തിയില്ലാത്ത ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷം. തിരമാലകള്‍ വീടിനകത്തേക്കും കിണറുകളിലേക്കും കയറി. തിരൂര്‍ ആര്‍ഡിഒ മോബി, പൊന്നാനി തഹസില്‍ദാര്‍ ജി നിര്‍മല്‍കുമാര്‍, നഗരസഭാ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി കടലാക്രമണ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കടലാക്രമണ ബാധിതരെ മാറ്റിപ്പാര്‍പ്പിക്കാന്‍ സജീകരണങ്ങള്‍ ഒരുക്കിയതായി തഹസില്‍ദാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it