malappuram local

പൊന്നാനിയില്‍ ഇനി സാംസ്‌കാരിക ആഘോഷങ്ങളുടെ ദിനരാത്രങ്ങള്‍

പൊന്നാനി: സാഹിത്യ, സാംസ്‌കാരിക പൈതൃകങ്ങളുറങ്ങുന്ന പൊന്നാനിയില്‍ ഏഴു ദിനങ്ങള്‍ നീണ്ടു നില്‍ക്കുന്ന സാംസ്‌കാരിക പരിപാടിക്ക് തിരി തെളിയുന്നു. പൊന്നാനി നഗരസഭ കേരള സാഹിത്യ അക്കാദമിയുമായി കൈകോര്‍ത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊന്നാനിയുടെ എഴുത്തുകാരന്‍ കടവനാട് കുട്ടിക്കൃഷ്ണന്റെ പേരില്‍ എഴു ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തകോത്സവത്തിനും മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഇടശ്ശേരി ഉറൂബ് സാഹിത്യ ക്യാംപിനു മാണ് പൊന്നാനി സാഷ്യം വഹിക്കുന്നത്.ഡിസംബര്‍ 24 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ എവി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ചാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. 24 ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമുഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന പരിപാടിയില്‍  കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ മുഖ്യാഥിതിയായിരിക്കും. കേരളത്തിലെ മുപ്പതില്‍ പരം വരുന്ന പ്രമുഖ പ്രസാദകരുടെ സ്റ്റാളുകള്‍ പുസ്തകോത്സവത്തിലുണ്ടാകും. ഡിസംബര്‍ 28, 29, 30  തീയ്യതികളിലായി ഭാരതപ്പുഴയിലെ മോട്ടി ലാല്‍ ഘട്ടില്‍ വെച്ചാണ് സാഹിത്യ ക്യാംപ്് സംഘടിപ്പിക്കുക. പുസ്തകോത്സവത്തിന്റെ ഭാഗമായി ഹരിത കേരളം പദ്ധതിയുമായി ചേര്‍ന്ന് ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ഹരിത വിപണന മേളയും നഗരസഭ സംഘടിപ്പിക്കുന്നുണ്ട്.  24ാം തീയ്യതി ഉദ്ഘാടനത്തിന് ശേഷം ഗസല്‍ സന്ധ്യയോടെ പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികള്‍ക്ക് തുടക്കമാകും. 25 ന് ക്രിസ്മസ് ദിനത്തില്‍ പൊന്നാനിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ പരിപാടികളാണ് പുസ്തകോത്സവത്തിലെ മറ്റൊരു ആകര്‍ഷണം.ഇടശ്ശേരി അവാര്‍ഡ് ദാന ചടങ്ങ് ഇത്തവണ പൊന്നാനിയില്‍  നടത്താനാണ്  അക്കാദമി ആലോചിക്കുന്നത്.  അന്ന് രാത്രി പൊന്നാനി നാടകം കാണുന്നു എന്ന പേരില്‍  നാടകങ്ങള്‍ അരങ്ങേറും. നാലാം ദിനമായ 27 ന് നഗരസഭയുടെ പൊന്നാര്യന്‍ കൊയ്യും പൊന്നാനി പദ്ധതിയുടെ ഭാഗമായുള്ള ഹരിത സംഗമവും സംഘടിപ്പിക്കും.  പൊന്നാനി നഗരസഭ തയ്യാറാക്കിയ ജൈവ വൈവിധ്യ രജിസ്റ്റര്‍ പ്രകാശനവും  അന്ന് നിര്‍വ്വഹിക്കും. 27 ന് പൊന്നാനി ചിത്രം വരയ്ക്കുന്നു എന്ന പേരില്‍ ചിത്രകലയ്ക്കു പ്രാധാന്യം നല്‍കുന്ന പരിപാടികള്‍ കൂടി സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. അഞ്ചാം ദിനം സിനിമാ പ്രദര്‍ശനങ്ങളെകൊണ്ടും സംവാദങ്ങളെ കൊണ്ടും സജജീവമാക്കും. അന്ന് തന്നെ എം.എം നാരായണന്റെ പുസ്തക പ്രകാശനവും സംഘടിപ്പിക്കും.പൊന്നാനി പാട്ടു പാടുന്നു എന്ന പരിപാടിയുമായി 29ാം തിയ്യതി സംഗീതത്തിനായാണ് മാറ്റിവച്ചിട്ടുള്ളത്. അവസാന ദിനമായ 30 ന് വിപുലമായ പരിപാടികളോടെ പുസ്തകോത്സവത്തിന് സമാപനമാകും.പുസ്തകോത്സവത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി യോഗം ചേര്‍ന്നു. മുഖ്യ രക്ഷാധികാരികളായി പൊന്നാനി എംഎല്‍എയും നിയമസഭാ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണന്‍, എംപി ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരെ തെരഞ്ഞെടുത്തു. സ്വാഗത സംഘം ചെയര്‍മാനായി  പ്രൊഫ: എം എം നാരായണനേയും കണ്‍വീനറായി നഗരസഭാ സെക്രട്ടറി കെ കെ മനോജിനേയും തെരഞ്ഞെടുത്തു. പൊന്നാനി എവി ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഇടശ്ശേരി മാവിന്‍ ചുവട്ടില്‍  ചേര്‍ന്ന യോഗം കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it