malappuram local

പൊന്നാനിയില്‍ അജയ്‌മോഹനെതിരേ യൂത്ത് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം

പൊന്നാനി: പൊന്നാനിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി ടി അജയ് മോഹനെതിരേ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. വിജയ സാധ്യത കുറഞ്ഞ പി ടി അജയ് മോഹന് സ്ഥാനാര്‍ഥിത്വം നല്‍കിയതാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് കാരണം. എഐസിസി രണ്ട് സ്വകാര്യ ഏജന്‍സികളെക്കൊണ്ട് നടത്തിയ സര്‍വേയില്‍ പൊന്നാനിയില്‍ പി ടി അജയ് മോഹന് വിജയ സാധ്യത 30 ശതമാനത്തില്‍ താഴെ മാത്രമാണ് കണ്ടത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അഡ്വ: രോഹിത്, സിദ്ധിഖ് പന്താവൂര്‍ എന്നിവര്‍ക്ക് 80 ശതമാനമാണ് വിജയ സാധ്യത. ഇതോടെയാണ് നേരത്തെ ഐ ഗ്രൂപ്പുകാരനായിരുന്ന സിദ്ദിഖ് പന്താവൂര്‍ പൊന്നാനി മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍ വന്നത്. ഗ്രൂപ്പിനതീതമായി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതോടെ സുധിരന്റെ നോമിനിയായാണ് സിദ്ധിഖ് പന്താവൂര്‍ ലിസ്റ്റില്‍ ഇടം നേടിയത്. അവസാന നിമിഷം വരെയും സിദ്ധിഖ് പന്താവൂരിന്നായി സുധീരന്‍ കടുംപിടുത്തം നടത്തിയെങ്കിലും രമേശ് ചെന്നിത്തലയുടെ ശക്തമായ ഇടപെടലില്‍ സിദ്ധീഖ് പന്താവൂരിനെ തഴയുകയായിരുന്നു. വിജയ സാധ്യത കുറഞ്ഞ പി ടി അജയ് മോഹനെ സ്ഥാനാര്‍ഥിയാക്കിയതും യുവാക്കളെ പരിഗണിക്കാതിരുന്നതുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് കാരണം. യുവാക്കളെ നിര്‍ത്തി മണ്ഡലം തിരിച്ച്ുപിടിക്കാന്‍ കഴിയുമായിരുന്ന സാഹചര്യം ചിലരുടെ സ്വാര്‍ഥ താല്‍പര്യങ്ങളാല്‍ നഷ്ടപ്പെട്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പറയുന്നത്. യുഡിഎഫിന് നേരിയ മുന്‍തൂക്കം ഉണ്ടാവുമായിരുന്നത് അജയ് മോഹനെ നിര്‍ത്തിയതിലൂടെ നഷ്ടപ്പെട്ടെന്നാണ് മുസ്‌ലിംലിഗ് നേതൃത്വത്തിന്റെയും വിലയിരുത്തല്‍. കഴിഞ്ഞ തവണ പി ടി അജയ് മോഹന്‍ 4,000 വോട്ടുകള്‍ക്കാണ് ശ്രീരാമകൃഷ്ണനോട് തോറ്റത്. കനത്ത ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായതാണ് അജയ് മോഹന് വിനയായത്. മണ്ഡലത്തിലെ പൊതുകാര്യങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ നടത്താനും അജയ് മോഹന് കഴിഞ്ഞിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it