malappuram local

പൊന്നാനിയിലെ മാലിന്യ സംസ്‌കരണ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം

പൊന്നാനി: പൊന്നാനിയിലെ മാലിന്യ സംസ്‌കരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നു. മാലിന്യ സംസ്‌ക്കരണത്തിനായി നഗരസഭ തയ്യാറാക്കിയ ഡിപിആര്‍ സ്വച്ഛ് ഭാരത് മിഷന് കൈമാറും.
പൊന്നാനിയുടെ കാലങ്ങളായുള്ള പ്രശ്‌നമായ മാലിന്യ സംസ്‌ക്കരണത്തിനായി സമഗ്ര പദ്ധതിയാണ് തയ്യാറാവുന്നത്. ജൈവ-അജൈവ മാലിന്യങ്ങള്‍ സംബന്ധിച്ചു പഠനം നടത്തുകയും ഇവയെ സംസ്‌ക്കരിക്കുന്നതിനു വേണ്ട പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും വിശദമായ പഠന റിപോര്‍ട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ടൈഡ് ടെക്‌നോക്രാറ്റ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതരാണ് പൊന്നാനിയിലെത്തി വിശദമായ പഠനം നടത്തിയ ശേഷം ഡിപിആര്‍ കരട് രേഖ തയ്യാറാക്കിയത്.
നഗരസഭയിലെ 51 വാര്‍ഡുകളെ ഏഴ് മേഖലകളാക്കി തിരിച്ചാണ് പഠനം നടത്തിയത്. ജൈവ-അജൈവ മാലിന്യങ്ങള്‍ സംബന്ധിച്ചും അതിന്റെ പ്രശ്‌നങ്ങളും പ്രായോഗിക നിര്‍ദേശങ്ങളും അടങ്ങിയ വിശദമായ പദ്ധതിരേഖ നഗരസഭ കൗണ്‍സിലില്‍ അവതരിപ്പിച്ചു. കൗണ്‍സിലിന്റെ നിര്‍ദേശാനുസരണം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി വിശദമായ പ്രൊജക്ട് റിപോര്‍ട്ട് സ്വച്ഛ് ഭാരത് മിഷനു കൈമാറും. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുകയും അജൈവ മാലിന്യങ്ങള്‍ പുനരുപയോഗം ഉള്‍പ്പെടെയുള്ള സാധ്യതകള്‍ തേടുകയും ചെയ്യുന്നതാണ് പദ്ധതി. ജൈവ മാലിന്യ സംസ്‌ക്കരണത്തിനായി തുമ്പൂര്‍മുഴി മോഡല്‍ സംസ്‌ക്കരണ പ്ലാന്റ് നിര്‍മിക്കാനും നഗരസഭ ആലോചിക്കുന്നുണ്ട്. റിപോര്‍ട്ടിന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നിര്‍വഹണത്തിനായി കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ലഭ്യമാകും.




Next Story

RELATED STORIES

Share it