പൊന്നാനിയിലെ മണല്‍ത്തിട്ട രാമസേതുവെന്ന് പ്രചാരണം; പൊളിച്ചടുക്കി മലയാളി ഫോട്ടോഗ്രാഫര്‍

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: രാമസേതുവിലൂടെ ജനങ്ങള്‍ നടക്കുന്ന വീഡിയോ എന്ന രീതിയില്‍ പൊന്നാനിയില്‍ പ്രളയശേഷം രൂപപ്പെട്ട മണല്‍ത്തിട്ടയെ രാമസേതുവാക്കി സൈബര്‍ ലോകത്ത് വന്‍ പ്രചാരണം. ഇതിനെ പൊളിച്ചടുക്കി പൊന്നാനിക്കാരനായ ഫോട്ടോഗ്രാഫര്‍ അഭിലാഷ്. കുറച്ചു ദിവസങ്ങളായി ട്വിറ്ററില്‍ ട്രെന്‍ഡിങ് രാമസേതുവിലൂടെ ജനങ്ങള്‍ നടക്കുന്നതെന്നു പറയുന്ന വീഡിയോയാണ്. ശ്രീരാമന്‍ ലങ്കയിലേക്ക് പോവാനായി നിര്‍മിച്ചത് എന്ന് രാമായണത്തില്‍ പറയുന്ന രാമസേതു. രാമസേതു വെറുമൊരു ഐതിഹ്യമല്ലെന്നും യാഥാര്‍ഥ്യമാണെന്നും അവകാശപ്പെട്ട് ജനങ്ങള്‍ കടലിന് നടുവിലൂടെയുള്ള മണ്‍ത്തിട്ടയിലൂടെ നടക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ കണ്‍സള്‍ട്ടന്റ് എന്നവകാശപ്പെടുന്ന രവി രഞ്ജന്‍ എന്നയാള്‍ ട്വിറ്റര്‍ വീഡിയോ ഷെയര്‍ ചെയ്ത് കുറിച്ചത് ഇങ്ങനെയാണ്. 'കടലിന് നടുവിലൂടെയുള്ള രാമസേതുവിലൂടെ ജനങ്ങള്‍ നടക്കുന്നത് കാണുക. രാമസേതുവിനെ ദേശീയ പൈതൃകമായി പ്രഖ്യാപിക്കാന്‍ നിയമയുദ്ധം നടത്തുന്ന സുബ്രഹ്മണ്യം സ്വാമിക്ക് നന്ദി. കുറഞ്ഞ സമയം കൊണ്ട് 16,000 തവണയാണ് ഈ വീഡിയോ റീട്വീറ്റ് ചെയ്തത്. 3000ത്തില്‍ കൂടുതല്‍ ആളുകള്‍ ഇത് ലൈക്ക് ചെയ്യുകയും ചെയ്തു. 35,000ത്തില്‍ കൂടുതല്‍ ആളുകള്‍ ഇത് കണ്ടുകഴിഞ്ഞു. എന്നാല്‍ പൊന്നാനി ബീച്ചില്‍ പ്രളയശേഷം രൂപപ്പെട്ട മണല്‍ത്തിട്ടയിലൂടെ ജനങ്ങള്‍ നടക്കുന്ന വീഡിയോയാണ് രാമസേതു എന്നു പറഞ്ഞു വ്യാപകമായി പ്രചരിപ്പിക്കുന്നത്.
പൊന്നാനി ബീച്ചില്‍ കടലിന് മുകളിലൂടെ രൂപപ്പെട്ട ഒരു കിലോമീറ്ററോളം നീളമുള്ള ഈ മണല്‍ത്തിട്ട കഴിഞ്ഞ മാസങ്ങളില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
മണല്‍ത്തിട്ടയുടെ ദൃശ്യം പകര്‍ത്തിയത് ഫോട്ടോഗ്രാഫറായ പൊന്നാനി സ്വദേശി അഭിലാഷ് വിശ്വയാണ്. രഞ്ജന്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ ഉള്ള വാട്ടര്‍മാര്‍ക്കില്‍ നിന്ന് അഭിലാഷ് എന്ന വ്യക്തിയാണ് ഈ ദൃശ്യം ചിത്രീകരിച്ചത് എന്ന് വ്യക്തമാണ്. മലയാളിയായ അഭിലാഷിന്റെ ഫോണ്‍ നമ്പറും വാട്ടര്‍മാര്‍ക്കിലുണ്ട്. അതുവഴി വന്ന ഹിന്ദിയിലും തെലുങ്കിലുമുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി പറഞ്ഞ് മടുത്ത അഭിലാഷ് അത് രാമസേതു അല്ല പൊന്നാന്നി ബീച്ചാണെന്ന് പറഞ്ഞ് പോസ്റ്റ് ഇടുകയായിരുന്നു.



Next Story

RELATED STORIES

Share it