Flash News

പൊന്നാനിയിലെ കടല്‍ പിളര്‍ന്നതിന്റെ ചിത്രം പകര്‍ത്തിയത് മുഹമ്മദ് അഷ്‌കര്‍

പൊന്നാനി: പൊന്നാനിയിലെ കടല്‍ പിളര്‍ന്നതിന്റെ മനോഹര ചിത്രം പകര്‍ത്തിയതിലൂടെ ഏറെ ശ്രദ്ധേയനായിരിക്കുകയാണ് വെളിയങ്കോട്ടുകാരനായ മുഹമ്മദ് അഷ്‌കര്‍. കടല്‍ പിളര്‍ന്നതിന്റെ മുഴുവന്‍ ഗാംഭീര്യവും ഭംഗിയും ഒരുപോലെ പകര്‍ത്തിയൊരു ചിത്രമായിരുന്നു അഷ്‌കറിന്റേത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പലരും അത് ഉപയോഗിക്കാന്‍ തുടങ്ങി.
പ്രമുഖ പത്രങ്ങള്‍ പോലും നല്‍കിയത് അഷ്‌കറിന്റെ ചിത്രങ്ങള്‍തന്നെ. പക്ഷേ, അഷ്‌കറിന്റെ പേര് ആരും നല്‍കിയില്ല. ചിത്രത്തെ പ്രശസ്തരായ പല ഫോട്ടോഗ്രാഫര്‍മാരും അഭിനന്ദിച്ചെങ്കിലും ചിത്രത്തിന്റെ ഉടമയെ ആരും തിരിച്ചറിയാതെ പോവുകയായിരുന്നു. നീലക്കടലില്‍ ഒരു ഒറ്റയടിപ്പാതപോലെ ഒരു കടല്‍വഴി. അതിന്റെ ആകാശചിത്രം കടലിനെ കൂടുതല്‍ ഗാംഭീര്യമുള്ളതാക്കുന്നു. ഈ ചിത്രമാണ് കടലിന്റെ പിളര്‍പ്പിനെ ശരിക്കും അടയാളപ്പെടുത്തിയതെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു.
മുഹമ്മദ് അഷ്‌കര്‍ കഴിഞ്ഞ 12 വര്‍ഷമായി ഫോട്ടോഗ്രാഫറാണ്. വെളിയങ്കോട് സ്വന്തമായി ഒരു സ്റ്റുഡിയോയും അഷ്‌കറിനുണ്ട്.
കടല്‍ കാണാനായി പൊന്നാനിയില്‍ സുഹൃത്തുക്കളുമായി വന്നപ്പോള്‍ ഡ്രോണ്‍ ഉപയോഗിച്ച് എടുത്ത ചിത്രമാണിതെന്ന് അഷ്‌കര്‍ പറയുന്നു. കടല്‍ പിളര്‍ന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും മനോഹരമായ ആ ചിത്രങ്ങള്‍ക്കു പിറകില്‍ ഈയൊരു യുവാവാണെന്നു പലര്‍ക്കുമറിയില്ലെന്നതാണ് യാഥാര്‍ഥ്യം. തന്റെ പേര് ചേര്‍ത്തിയ വാട്ടര്‍മാര്‍ക്ക് മായ്ച്ചുകളഞ്ഞ് ഈ ചിത്രങ്ങള്‍ ഉപയോഗിക്കുന്നവരുമുണ്ട്. ഒരൊറ്റ ചിത്രത്തിലൂടെ കഴിഞ്ഞ 12 വര്‍ഷമായുള്ള തന്റെ കാത്തിരിപ്പ് സഫലമായെന്നാണ് അഷ്‌കര്‍ പറയുന്നത്.
Next Story

RELATED STORIES

Share it