malappuram local

പൊന്നാനിയിലെ കടലാക്രമണം; മാതൃകയായി നഗരസഭയുടെ ഇടപെടല്‍

പൊന്നാനി: അപ്രതീക്ഷിതമായുണ്ടായ കടല്‍ക്ഷോഭത്തില്‍ മാതൃകാ പ്രവര്‍ത്തനവുമായി പൊന്നാനി നഗരസഭാ ഭരണ സമിതി.
കടലാക്രമണമുണ്ടായ വ്യാഴാഴ്ച മുതല്‍ തന്നെ ഉറക്കമിളച്ചാണ് തീരദേശ വാസികളുടെ പ്രശ്‌നങ്ങള്‍ക്കും, പ്രയാസങ്ങള്‍ക്കും പരിഹാരം കാണാന്‍ നഗരസഭാ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലുള്ള സംഘം  രംഗത്തുള്ളത്. വ്യാഴാഴ്ച രാത്രിയില്‍ ജാഗ്രത നിര്‍ദ്ദേശവുമായി ഭരണ സമിതി രംഗത്തിറങ്ങുകയും, ദുരിതബാധിതരെ മാറ്റിപാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.  നേരത്തെ നിശ്ചയിച്ച താല്‍ക്കാലിക ഷട്ടറിലെ അപര്യാപ്തത കണക്കിലെടുത്ത് നഗരസഭാ കാര്യാലയം തന്നെ ദുരിതാശ്വാസ ക്യാംപാക്കി മാറ്റിയാണ് നഗര ഭരണ സമിതി മാതൃകയായത്. തുടര്‍ന്ന് രാത്രിയില്‍ തന്നെ ജെസിബി ഉപയോഗിച്ച് കടലോരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ആരംഭിച്ചിരുന്നു.
ശക്തമായ തിരമാലയില്‍ വെള്ളവും, ചെളിയും കയറിയ വീടുകളില്‍ തൊഴിലുറപ്പ് തൊഴിലാളികളെ വിന്യസിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. ശുചീകരണ തൊഴിലാളികളുടെ മാതൃകാ പ്രവര്‍ത്തനം നേരില്‍ കണ്ട ജില്ലാ കലക്ടര്‍ അമിത് മീണ തൊഴിലാളികളുടെയും, നഗരസഭയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. കൂടാതെ കടലാക്രമണ ബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ടീമിനെയും, കുടി വെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ ശുദ്ധജലമെത്തിക്കുകയും ചെയ്തു.
ചെയര്‍മാനോടൊപ്പം നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഒ ഒ ഷംസുവും, നഗരസഭാ സെക്രട്ടറി കെ കെ മനോജും, തീരദേശ കൗണ്‍സിലര്‍മാരും, മല്‍സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും, പൊതുപ്രവര്‍ത്തകരും, ദുരന്തമുഖത്ത് ആശ്വാസവുമായി സര്‍വ്വ സമയവും ചെലവിട്ടത് തീരവാസികള്‍ക്ക് ഏറെ ആശ്വാസമായി.
Next Story

RELATED STORIES

Share it