Articles

പൊന്തന്‍പുഴ: ചില വസ്തുതകള്‍

അഡ്വ.  കെ  രാജു
പൊന്തന്‍പുഴ വനമേഖല സംസ്ഥാനത്തെ പഴക്കമേറിയ റിസര്‍വ് വിജ്ഞാപനങ്ങളില്‍പ്പെടുന്ന ഒന്നാണ്. റാന്നി വനം ഡിവിഷനിലെ വലിയകാവ് റിസര്‍വിന്റെയും (1,440 ഏക്കര്‍), കോട്ടയം ഡിവിഷനിലെ ആലപ്ര റിസര്‍വിന്റെയും (2,000 ഏക്കര്‍), കരിക്കാട്ടൂര്‍ റിസര്‍വിന്റെയും (2,520 ഏക്കര്‍) വനമേഖലകള്‍ ചേര്‍ന്ന പ്രദേശമാണ് പൊന്തന്‍പുഴ വനമായി അറിയപ്പെടുന്നത്. ഇതില്‍ കരിക്കാട്ടൂര്‍ റിസര്‍വിന്റെ അന്തിമ വിജ്ഞാപനം മുമ്പുതന്നെ വന്നിട്ടുള്ളതും അവകാശ വാദങ്ങളെല്ലാം അവസാനിച്ചിട്ടുള്ളതുമാണ്. അവശേഷിക്കുന്ന ആലപ്ര, വലിയകാവ് പ്രൊപ്പോസ്ഡ് റിസര്‍വുകളുടെ വിജ്ഞാപനം ചെയ്തിരിക്കുന്ന വിസ്തീര്‍ണം ഉദ്ദേശം 3,440 ഏക്കറാണ്. അവയിലാണ് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതും.
മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് നീട്ടുകള്‍ വഴി എഴുമറ്റൂരിലെ നെയ്തല്ലൂര്‍ കോവിലകത്തിന് ഉടമാവകാശം കൈമാറിയതായും കോവിലകത്തെ കാരണവരില്‍ നിന്നു തങ്ങള്‍ക്ക് ഉടമാവകാശം സിദ്ധിച്ചതായുമാണ് തേര്‍ച്ചക്കാര്‍ അവകാശപ്പെട്ടത്. ഫോറസ്റ്റ് സെറ്റില്‍മെന്റ് ഓഫിസര്‍ അവരുടെ ക്ലെയിമുകള്‍ തള്ളി. അപ്പീലുകള്‍ ജില്ലാ കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടു. ഈ അപ്പീല്‍ സ്യൂട്ടുകളിലെ ജില്ലാ കോടതിയുടെ തീരുമാനത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നു.
കോവിലകത്തിനു ലഭിച്ചുവെന്ന് പറയപ്പെട്ട ചെമ്പുതകിട് (നീട്ട്) ആയിരുന്നു ഈ വനഭൂമി സംബന്ധിച്ച ക്ലെയിം കേസുകളുടെയൊക്കെ മര്‍മം. തിരുവിതാംകൂര്‍ മഹാരാജാവ് പുറപ്പെടുവിച്ച മറ്റു ഉത്തരവുകളൊന്നും ചെമ്പുതകിടില്‍ ആയിരുന്നില്ല. തിരുവിതാംകൂര്‍ രാജ്യം ശ്രീ പത്മനാഭന് അടിയറവച്ചുകൊണ്ടുള്ള‘തൃപ്പടിദാന വിളംബരം പോലും ഓലയിലാണ്. ആയതിനാല്‍ ചെമ്പുതകിട് വ്യാജമാണ്. നീട്ടിലെ ഭാഷ മലയാളമാണ്. എന്നാല്‍, മഹാരാജാവിന്റെ അക്കാലത്തെ ഉത്തരവുകളും വിളംബരങ്ങളുമൊക്കെ വട്ടെഴുത്ത് എന്ന പ്രാചീന ലിപിയിലാണ്. സര്‍ക്കാര്‍ അഭിഭാഷകന്റെ ഈ വാദങ്ങള്‍ ഹൈക്കോടതിക്കു ബോധ്യപ്പെട്ടതുകൊണ്ടാണ് 1991ല്‍ സര്‍ക്കാരിന് അനുകൂലമായി വിധിച്ചത്.
ഇതിനെതിരേ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സിവില്‍ അപ്പീല്‍ അനുവദിച്ചുകൊണ്ട് ഹൈക്കോടതിയുടെ വിധി റദ്ദാക്കുകയും ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന നിര്‍ദേശത്തോടെ മടക്കുകയും ചെയ്തു. ഹൈക്കോടതി വലിയകാവ്, ആലപ്ര റിസര്‍വുകള്‍ വിജ്ഞാപനം ചെയ്ത സമയത്ത് ആ ഭൂമി സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമിയല്ലെന്ന് തീരുമാനിക്കുകയും ഭൂമിയുടെ അവകാശരേഖകള്‍ അംഗീകരിക്കുകയും ഭൂമി തിരിച്ചറിയുന്നത് സംബന്ധിച്ചുള്ള ജില്ലാ കോടതിയുടെ കണ്ടെത്തലുകള്‍ ശരി വയ്ക്കുകയുമാണ് ചെയ്തത്.
കരിക്കാട്ടൂര്‍ റിസര്‍വ് ഫോറസ്റ്റിന്റെ അന്തിമ വിജ്ഞാപനത്തെ സംബന്ധിച്ച് ഡിസ്ട്രിക്റ്റ് ജഡ്ജിന്റെ, സര്‍ക്കാരിന് പ്രതികൂലമായ കണ്ടെത്തലുകളെ ഹൈക്കോടതി അസ്ഥിരപ്പെടുത്തി. 2,520 ഏക്കര്‍ വരുന്ന കരിക്കാട്ടൂര്‍ റിസര്‍വ് ഫോറസ്റ്റിന്റെ അന്തിമ വിജ്ഞാപനത്തിന്റെ നിയമസാധുത പൂര്‍ണമായും ഈ വിധിയോടെ അംഗീകരിക്കപ്പെട്ടു. അതായത് സര്‍ക്കാരിന് വനഭൂമി ഒട്ടുംതന്നെ നഷ്ടപ്പെടുന്നില്ല. അത് ഒരു സ്വകാര്യ വ്യക്തിക്കും കൈമാറേണ്ടതുമില്ല. പൊന്തന്‍പുഴ വനം വനഭൂമിയായി തന്നെ നിലനില്‍ക്കും.
അപ്പോള്‍ ഉയരുന്ന ചോദ്യം, പിന്നെന്തിനാണ് റിവ്യൂ ഹരജി ഫയല്‍ ചെയ്തത് എന്നാണ്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, വിധിയില്‍ പ്രസ്തുത ഭൂമി സര്‍ക്കാരിന്റെ അധീനതയിലുള്ള ഭൂമിയല്ലെന്ന് പറഞ്ഞിരിക്കുന്നതുകൊണ്ട് പ്രസ്തുത ഭൂമിയില്‍ കുടിയേറി കൃഷി ചെയ്തുവരുന്ന 414 കര്‍ഷകര്‍ക്ക് പട്ടയം കൊടുക്കാന്‍ കഴിയാത്ത സ്ഥിതി വരും. വനഭൂമിയായതുകൊണ്ട് നിലവിലെ നിയമങ്ങളനുസരിച്ച് ആര്‍ക്കും ഈ വനഭൂമി വിട്ടുകൊടുക്കേണ്ടതില്ല എന്ന് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണെങ്കില്‍ കൂടിയും വസ്തുവിന് മഹാരാജാവ് നല്‍കിയതായി പറയുന്ന നീട്ട് അംഗീകരിച്ച വിധിയിലൂടെ വസ്തുവിന്റെ ടൈറ്റില്‍ സര്‍ക്കാരിന് ഇല്ലാതായിരിക്കുകയാണ്. ഭൂമി സര്‍ക്കാരിന്റെ വിക്രയത്തിലുള്ള ഭൂമി തന്നെയാണെന്ന് മാറ്റം വരുത്തിയ വിധി കിട്ടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അര്‍ഹതയുള്ളവര്‍ക്കു നിയമാനുസൃതമായി പട്ടയം നല്‍കാന്‍ കഴിയുകയുള്ളൂ. അതിനു വേണ്ടിയാണ് റിവ്യൂ ഹരജി സമര്‍പ്പിച്ചിട്ടുള്ളത്.
വിധിയില്‍ പരിഗണിക്കാതെ പോയ തെളിവുകള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ റിവ്യൂ ഫയല്‍ ചെയ്തത്. ഭൂമിയൊന്നും നഷ്ടപ്പെടാത്ത സ്ഥിതിക്ക് സര്‍ക്കാരിന് റിവ്യൂവോ അപ്പീലോ ഫയല്‍ ചെയ്യാതിരിക്കാമായിരുന്നു. എന്നാല്‍, കാലാകാലങ്ങളായി അവിടെ താമസിച്ച് കൃഷി ചെയ്തുവരുന്ന കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കണമെങ്കില്‍ സര്‍ക്കാരിന് അനുകൂലമായ വിധിയുണ്ടായേ തീരൂ. എന്നാല്‍, ആരോപണങ്ങളുമായി വരുന്നവര്‍ വസ്തുതകള്‍ മറച്ചുപിടിച്ച് പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ ഭൂമാഫിയയെയാണ് സഹായിക്കാന്‍ ശ്രമിക്കുന്നത്.
ഈ വിഷയത്തില്‍ വിവിധ രാഷ്ട്രീയക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വ്യത്യസ്തമാണ്. പലരും അന്ധന്‍ ആനയെ കാണുന്നതുപോലെയാണ് പ്രശ്‌നത്തെ സമീപിക്കുന്നത്. ഒരേസമയം വനഭൂമിയില്‍ കര്‍ഷകര്‍ക്ക് പട്ടയം നല്‍കണമെന്ന് പറയുമ്പോഴും വനഭൂമി നഷ്ടപ്പെടാന്‍ പാടില്ലെന്ന് വാദിക്കുന്നു. നിലവില്‍ പൊന്തന്‍പുഴ വനഭൂമി കൃത്യമായി ജണ്ടയിട്ട് വേര്‍തിരിച്ചിട്ടുണ്ട്. അത് 5,960 ഏക്കറാണെന്നും വ്യക്തമാണ്.
7,000 ഏക്കറാണ് പ്രസ്തുത ഭൂമിയുടെ വിസ്തീര്‍ണമെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ പറയുമ്പോഴും യഥാര്‍ഥ വിസ്തൃതി എത്രയാണെന്നു മനസ്സിലാക്കാന്‍ ആരും മുതിരുന്നില്ല. പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ കൃത്യമായി അതിരടയാളങ്ങള്‍ ഉണ്ടാവാറില്ല. പുഴകളോ മലകളോ ഭൂമിയില്‍ കാണപ്പെടുന്ന മറ്റ് അടയാളങ്ങളോ കാണിച്ചുകൊണ്ടുള്ള ഏകദേശ അതിര് മാത്രമേ ഉണ്ടാവാറുള്ളൂ. അതുകൊണ്ടുതന്നെ വിസ്തീര്‍ണവും കൃത്യമായിരിക്കില്ല. സര്‍വേ നടത്തി അതിര് നിര്‍ണയിക്കുന്നത് അന്തിമ വിജ്ഞാപനത്തിന് മുമ്പു മാത്രമാണ്. പൊന്തന്‍പുഴ വനമേഖലകളില്‍ മൂന്ന് പ്രാഥമിക വിജ്ഞാപനങ്ങള്‍ ഉള്ളതില്‍ 2,520 ഏക്കറുള്ള കരിക്കാട്ടൂര്‍ റിസര്‍വിന്റെ വിജ്ഞാപനം നേരത്തേ തന്നെ പുറപ്പെടുവിച്ചിട്ടുള്ളതും ആയതില്‍ യാതൊരുവിധ തര്‍ക്കങ്ങളും ഇല്ലാത്തതുമാണ്. അവശേഷിക്കുന്ന വലിയകാവ്, ആലപ്ര എന്നീ വനമേഖലകളുടെ (3,440 ഏക്കര്‍) അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. ആ പ്രദേശങ്ങള്‍ സംബന്ധിച്ചാണ് തര്‍ക്കങ്ങള്‍ നിലവിലുള്ളത്. കോടതി വ്യവഹാരങ്ങള്‍ അവസാനിക്കാത്തതുകൊണ്ടാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിയാത്തത്.
കേസ് ഹൈക്കോടതിയില്‍ കൈകാര്യം ചെയ്തതില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് യാതൊരുവിധ അനാസ്ഥയും ഉണ്ടായിട്ടില്ല. മുമ്പ് ഇതേ കേസ് ഹൈക്കോടതിയില്‍ വന്നപ്പോള്‍ രാമന്‍പിള്ളയെ വാദിക്കാന്‍ പ്രത്യേകമായി നിയമിച്ചതുപോലെ ഹൈക്കോടതിയിലെ തന്നെ മറ്റൊരു പ്രമുഖ അഭിഭാഷകനെ പ്രസ്തുത കേസിന്റെ മാത്രം നടത്തിപ്പിനായി സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ച് ഉത്തരവായിട്ടുണ്ട്.
പൊന്തന്‍പുഴ വനമേഖലയിലെ ജനവാസപ്രദേശവും സ്വാഭാവികവനങ്ങളും വേര്‍തിരിച്ച് 1980കളുടെ അവസാനത്തില്‍ സ്ഥിരം ജണ്ടകള്‍ നിര്‍മിച്ച് സ്വാഭാവിക വനപ്രദേശം പൂര്‍ണമായും സംരക്ഷിച്ചുവരുന്നുണ്ട്. പൊന്തന്‍പുഴ വനം സര്‍ക്കാര്‍ സംരക്ഷിത വനമേഖലയായി നിലനില്‍ക്കും. ഒപ്പം അവിടെ കൃഷി ചെയ്ത് ജീവിക്കുന്നവര്‍ക്ക് പട്ടയം നല്‍കുകയും ചെയ്യും.
1977ന് മുമ്പ് കൃഷിചെയ്തുവരുന്നവരെ സംരക്ഷിക്കണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍, കേസിന്റെ അന്തിമതീരുമാനം വരുന്നതിനു മുമ്പ് കൈവശക്കാര്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നത് വനഭൂമിയുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദമുഖങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിട്ടുണ്ട്. വനഭൂമി സംരക്ഷിക്കുന്നതോടൊപ്പം കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നതാണ്.
ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ ദുരന്തം നമ്മുടെ രാജ്യത്ത് സംഭവിക്കാതിരിക്കണമെങ്കില്‍ പ്രകൃതി കനിഞ്ഞരുളിയ വനസമ്പത്ത് സംരക്ഷിക്കേണ്ടതുണ്ട്. ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ട് ജനങ്ങള്‍ ദുരിതത്തിലാവുന്ന സ്ഥിതി വന്നെത്തിയിരിക്കുന്നു. നമ്മുടെ വനവും പ്രകൃതിസമ്പത്തും കൊള്ളയടിക്കപ്പെടാതിരിക്കാന്‍ ജാഗരൂകരാവണം. സര്‍ക്കാര്‍ അതിനു പ്രതിജ്ഞാബദ്ധമാണ്. എന്തു വിലകൊടുത്തും കാടിനെയും പരിസ്ഥിതിയെയും സംരക്ഷിക്കുക തന്നെ ചെയ്യും. പൊന്തന്‍പുഴയെന്നല്ല, ഒരു വനപ്രദേശവും അന്യാധീനപ്പെടുകയില്ല.                                               ി

(വനംവകുപ്പു മന്ത്രിയാണ് ലേഖകന്‍.)
Next Story

RELATED STORIES

Share it