പൊതു-സ്വകാര്യ പങ്കാളിത്തം: പദ്ധതികള്‍ വേണ്ടെങ്കില്‍ തുറന്നുപറയണം; ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: നിര്‍ദിഷ്ട ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എത്രയുംപെട്ടെന്ന് ആരംഭിക്കാനുള്ള നടപടി ആവശ്യപ്പെട്ട് ഗവേണിങ് ബോഡി ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവും ഹരിപ്പാട് എംഎല്‍എയുമായ രമേശ് ചെന്നിത്തല കത്ത് നല്‍കി. കുറച്ചു ദിവസങ്ങളായി കോളജിനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവരുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടാവുന്നത്.
ആരോഗ്യമന്ത്രിയും ജില്ലയിലെ മന്ത്രിമാരും കാര്യങ്ങള്‍ മനസ്സിലാക്കാതെ സംസാരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കോളജിനെതിരേ അന്ധമായ വിരോധം വച്ചുപുലര്‍ത്തുന്നത് രാഷ്ട്രീയപ്രേരിതമായിട്ടേ കാണാനാവൂ. പൊതു-സ്വകാര്യ (പിപിപി മോഡല്‍) പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ വേണ്ടെങ്കില്‍ സര്‍ക്കാര്‍ അത് തുറന്നുപറയണം. ഇതേ മാതൃകയിലും വ്യവസ്ഥയിലും വിജയകരമായി പ്രവര്‍ത്തിക്കുന്ന കൊച്ചി, നെടുമ്പാശ്ശേരി വിമാനത്താവളം വന്‍ വിജയമാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം.
കണ്ണൂര്‍ വിമാനത്താവളപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയിലാണ് പുരോഗമിക്കുന്നത്. ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ വ്യവസ്ഥകളില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ അതു മാറ്റാനുള്ള പൂര്‍ണ സ്വാതന്ത്ര്യം സര്‍ക്കാരിനുണ്ട്. അല്ലാതെ കോളജ് വേണ്ടെന്ന മന്ത്രിമാരുടെ ആവശ്യം അംഗീകരിക്കാനാവില്ല. അതിനാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ട് കാര്യങ്ങള്‍ പൂര്‍ണമായും പരിശോധിച്ച് നിര്‍ദിഷ്ട മെഡിക്കല്‍ കോളജിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള സത്വര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it