World

പൊതു തിരഞ്ഞെടുപ്പ്: മെക്‌സിക്കോയില്‍ ജനം വിധിയെഴുതി

മെക്‌സിക്കോ സിറ്റി: രാജ്യത്തെ ചരിത്രത്തില്‍ പതിറ്റാണ്ടിനിടെ കണ്ട ഏറ്റവും സംഘര്‍ഷഭരിതമായ പ്രചാരണത്തിനു ശേഷം മെക്‌സിക്കോയില്‍ ജനം വിധിയെഴുതി. കഴിഞ്ഞ സപ്തംബറില്‍ പ്രചാരണം തുടങ്ങിയതിനു ശേഷം സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരുമായ 130 പേരാണു കൊല്ലപ്പെട്ടത്്. അംലോ എന്ന പേരില്‍ അറിയപ്പെടുന്ന, മെക്‌സികോ സിറ്റി മുന്‍ മേയറും ഇടതുപക്ഷ സ്ഥാനാര്‍ഥിയുമായ ആന്‍ഡ്രീസ് മാന്വല്‍ ലോപെസ് ഒബ്രാദോറീനാണ് വിജയസാധ്യത.
അഴിമതിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നാണു നാഷനല്‍ ജനറേഷന്‍ മുവ്‌മെന്റ് (മൊറീന) സ്ഥാനാര്‍ഥിയായ അംലോയുടെ വാഗ്ദാനം. അഴിമതിയില്‍ മുങ്ങിയ നിലവിലെ പ്രസിഡന്റ് എന്റിക് പെന്നാ നീറ്റൊയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ താഴെയിറക്കാനുള്ള അവസരമായാണു ജനം തിരഞ്ഞെടുപ്പിനെ കാണുന്നതെന്നു വിദേശമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. രാജ്യത്തു കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതും സാമ്പത്തിക വളര്‍ച്ച തകിടംമറിഞ്ഞതും ഭരണവിരുദ്ധ വികാര—ത്തിനു കാരണാമാവുകയായിരുന്നു.
അംലോ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഇസ്റ്റിറ്റിയൂഷനല്‍ റവല്യൂഷനറി പാര്‍ട്ടി (പിആര്‍ഐ), നാഷനല്‍ ആക്ഷന്‍ പാര്‍ട്ടി (പിഎഎന്‍) എന്നീ പാര്‍ട്ടികളുടെ പതിറ്റാണ്ടോളം നീണ്ടു നില്‍ക്കുന്ന കുത്തകയായിരിക്കും അവസാനിക്കുക.  88 ദശലക്ഷം വോട്ടര്‍മാരാണ് മെക്‌സിക്കോയിലുള്ളത്. ഫലം ഇന്നു വൈകീട്ടോടെ പുറത്തുവരും.
മെക്‌സിക്കോയില്‍ 40 ശതമാനം ജനങ്ങളും പട്ടിണിയിലാണെന്നാണ് റിപോര്‍ട്ട്്. സെനറ്റിലെ 128 സീറ്റിലേക്കും ചേംബര്‍ ഓഫ് ഡപ്യൂട്ടീസിലേക്ക് 500 അംഗങ്ങളെയുമാണു തിരഞ്ഞെടുക്കുന്നത്്.
Next Story

RELATED STORIES

Share it