kannur local

പൊതുസ്ഥലത്തെ പുകവലിക്കെതിരേ നടപടി ശക്തമാക്കും

കണ്ണൂര്‍: പൊതുസ്ഥലങ്ങളിലെ പുകവലി ഇല്ലാതാക്കാന്‍ പരിശോധന ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ലോക പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
തിയേറ്റര്‍ പോലുള്ള പൊതുസ്ഥലങ്ങളിലെ പുകവലി മൂലം കുട്ടികള്‍ വരെ പാസീവ് സ്‌മോക്കിങിന് ഇരകളാവുന്നു. സ്‌കൂള്‍ പരിസരത്ത് പുകയില ഉല്‍പന്നങ്ങളുടെ വില്‍പന ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി റിപോര്‍ട്ട് ചെയ്യണം. പുകവലിക്കെതിരായ പരിശോധനകള്‍ക്കൊപ്പം ബോധവല്‍ക്കരണവും അനിവാര്യമാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ബോധവല്‍ക്കരണത്തിലൂടെ പുകവലിയില്‍ വന്‍തോതില്‍ കുറവുവന്നിട്ടുണ്ട്. കായിക വിനോദങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ പുകവലി കുറക്കാനാവും.
ഇതിനായി ഡിടിപിസി സൈക്ലിങ്, കയാക്കിങ് പോലുള്ളവ പ്രോല്‍സാഹിക്കുന്നുണ്ട്. ഇതില്‍ വിവിധ വകുപ്പുകളുടെ സഹകരണം കലക്ടര്‍ ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ ഫിറ്റ്‌നസ് കാര്‍ഡുകള്‍ നല്‍കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ പി ജയബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. എം കെ ഷാജ് സന്ദേശം നല്‍കി. ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ ടി രേഖ വിഷയാവതരണം നടത്തി.
Next Story

RELATED STORIES

Share it