Alappuzha local

പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന ശീലം മാറ്റണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ആലപ്പുഴ: ഗാര്‍ഹികമാലിന്യങ്ങളടക്കം പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്ന ശീലം മാറ്റിയില്ലെങ്കില്‍ ഗുരുതര പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങളെ നേരിടേണ്ടി വരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍. ഹരിതകേരളം മിഷന്റെ ഒന്നാംവാര്‍ഷിക ഭാഗമായി സിവില്‍സ്‌റ്റേഷന്‍ അങ്കണത്തില്‍ ജില്ലാ ശുചിത്വമിഷന്‍ സംഘടിപ്പിച്ച മാലിന്യസംസ്‌കരണ മാതൃകകളുടെ പ്രദര്‍ശന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഹരിതകേരളം ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ റ്റി വി അനുപമ ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷനിലൂടെ ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി തുടര്‍ച്ചയായി വിലയിരുത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് കലക്ടര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം സിന്ധു വിനു, നഗരസഭാംഗം എഎം നൗഫല്‍, ജില്ലാ ശുചിത്വമിഷന്‍ കോ-ഓഡിനേറ്റര്‍ ബിന്‍സ് സി തോമസ്, ഹരിതകേരളം സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍ ആര്‍ വേണുഗോപാല്‍, ഹരിതകേരളം ജില്ലാ കോ-ഓഡിനേറ്റര്‍ കെഎസ് രാജേഷ്, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ ലോറന്‍സ് എന്നിവര്‍ പങ്കെടുത്തു.
സോഷ്യോ ഇക്കണോമിക് യൂനിറ്റ് ഫൗണ്ടേഷന്റെയും ഐആര്‍റ്റിസിയുടെയും ആഭിമുഖ്യത്തില്‍ ഗാര്‍ഹിക മാലിന്യസംസ്‌കരണത്തിന് ഉപയോഗിക്കുന്ന സംവിധാനങ്ങളുടെ പ്രദര്‍ശനം നടത്തി. വീടുകളിലെ മാലിന്യസംസ്‌കരണത്തിന് ഉപയോഗിക്കുന്ന പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്, മണ്‍കലം കമ്പോസ്റ്റ്, മുച്ചട്ടി ബയോ ഡൈജസ്റ്റര്‍, എയ്‌റോബിക് കമ്പോസ്റ്റ് ബിന്‍, റിങ് കമ്പോസ്റ്റ്, ബക്കറ്റ് കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, ജൈവസംസ്‌കരണ ഭരണി അടക്കമുള്ള സംസ്‌കരണ സംവിധാനങ്ങള്‍ കാണാന്‍ വിദ്യാര്‍ഥികളടക്കം നിരവധി പേരെത്തി.
കുറഞ്ഞ ചെലവില്‍ വീടുകളില്‍ നടപ്പാക്കാവുന്ന മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ ആകര്‍ഷകമായി. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ സഹകരണത്തോടെയാണ് ജില്ലയില്‍ ഹരിതകേരളം മിഷന്റെ ഭാഗമായി കൈവരിച്ച നേട്ടങ്ങളടങ്ങിയ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it