malappuram local

പൊതുസ്ഥലങ്ങളില്‍ കോഴിമാലിന്യം തള്ളിയ രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേരി: പൊതുസ്ഥലങ്ങളിലും ജനവാസകേന്ദ്രങ്ങളിലും അറവു മാലിന്യം തള്ളിയ സംഭവത്തില്‍ രണ്ടുപേരെ മഞ്ചേരി പോലിസ് പിടികൂടി. മാവൂര്‍ കയലം സ്വദേശികളായ എടപ്പോതില്‍ മുജീബ് റഹ്മാന്‍ (22), പുതുക്കൊട് ഷമീര്‍ അലി (25) എന്നിവരാണ് അറസ്റ്റിലായത്. കോഴിമാലിന്യം കൊണ്ടുവന്ന വാഹനവും സംഘത്തില്‍ നിന്നു പിടികൂടി.
തിരൂര്‍ ഭാഗത്തുനിന്നു കോഴി അവശിഷ്ടങ്ങളുമായി വാഹനം രണ്ടു ദിവസം മുമ്പ് മഞ്ചേരിയിലെ മേലാക്കത്ത് എത്തിയിരുന്നു. ഇതില്‍നിന്നു മലിനജലം റോഡില്‍ പരന്നതോടെ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. തുടര്‍ന്ന് സംഘം വാഹനവുമായി കടന്നുകളയുകയായിരുന്നു. ഇതിനിടെ ചെരണി, കരിക്കാട്,പാണ്ടിയാട് ഭാഗങ്ങളിലും മാംസാവശിഷ്ടങ്ങള്‍ തള്ളി. കാരക്കുന്ന് സലഫി പള്ളിക്കു സമീപമെത്തിയപ്പോള്‍ കേടായ വാഹനം ഉപേക്ഷിച്ചു. പിന്നീട് ഇതെടുക്കാനെത്തിയപ്പോഴാണ് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പോലിസ് പിടികൂടിയത്.
തിരൂരില്‍ നിന്നും വിവിധ മാംസവില്‍പന ശാലകളില്‍ നിന്നും മാലിന്യം ശേഖരിച്ച് കരുളായിയിലെ സംസ്‌കരണ കേന്ദ്രത്തിലേക്കെന്നു പറഞ്ഞാണ് സംഘം കൊണ്ടുവരുന്നത്.
ഇത് സംസ്‌കരണ കേന്ദ്രത്തിലെത്തിക്കാതെ ജനവാസകേന്ദ്രങ്ങളിലടക്കം തള്ളുകയാണെന്ന് പോലിസ് പറഞ്ഞു. മഞ്ചേരിയിലടക്കം വിവിധ ഭാഗങ്ങളില്‍ മാലിന്യം ഇത്തരത്തില്‍ ഈ സംഘം തള്ളിയതായി കണ്ടെത്തിയിട്ടുണ്ട്.
സിഐ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്ത്, എഎസ്‌ഐമാരായ സുരേഷ്, നാസര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ അജയന്‍, സുരേഷ്ബാബു തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
മഞ്ചേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.




Next Story

RELATED STORIES

Share it