kasaragod local

പൊതുസ്ഥലങ്ങളിലെ പ്രചരണ സാമഗ്രികള്‍ 14നകം നീക്കണം: ജില്ലാകലക്ടര്‍

കാസര്‍കോട്: സംസ്ഥാന നിയമസഭാ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി നിലവില്‍ വന്ന മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ ജില്ലാകലക്ടറുടെ ചേംബറില്‍ ചേര്‍ന്ന രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പ്രചാരണ സാമഗ്രികള്‍ 14നകം നീക്കം ചെയ്യണമെന്ന് ജില്ലാകലക്ടര്‍ ഇ ദേവദാസന്‍ നിര്‍ദേശിച്ചു. നീക്കം ചെയ്യാത്തവ 14 മുതല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്ത് ചെലവായ തുക ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് ഈടാക്കും. പൊതുജനങ്ങള്‍, രാഷ്ട്രീയ കക്ഷികള്‍, സര്‍വീസ് സംഘടനകള്‍, ബഹുജന സംഘടനകള്‍ തുടങ്ങിയവര്‍ സ്ഥാപിച്ച ബാനറുകള്‍, പോസ്റ്ററുകള്‍, കട്ട് ഔട്ടുകള്‍ എന്നിയെല്ലാം ബന്ധപ്പെട്ടവര്‍ തന്നെ നീക്കം ചെയ്യണം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം സുതാര്യമാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാനും പുതിയ പ്രവര്‍ത്തികള്‍ തുടങ്ങാനും പാടില്ല. തുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് തടസ്സമില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പുതിയ നിയമനം പാടില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് വിലവിവര പട്ടിക പ്രസിദ്ധീകരിച്ച് രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ അഭിപ്രായം തേടിയ ശേഷം മാത്രമേ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയുള്ളുവെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
വോട്ടര്‍ പട്ടികയിലുള്‍പ്പെട്ടവരുടെ പേര് തള്ളുന്നത് നോട്ടീസ് കൊടുത്ത ശേഷം മാത്രമായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് തഹസില്‍ദാര്‍മാര്‍ക്ക് കലക്ടര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കി. അര്‍ഹരായവര്‍ക്ക് സമ്മതിദാനാവകാശം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്. വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി നീക്കം ചെയ്തവരുടെ പട്ടിക താലൂക്ക് നോട്ടീസ് ബോര്‍ഡുകളില്‍ പ്രസിദ്ധീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലും ഉദുമ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കന്നട ഭൂരിപക്ഷ പഞ്ചായത്തുകളിലും വോട്ടര്‍ പട്ടിക കന്നടയില്‍ കൂടി ലഭ്യമാക്കും. ഇതിനാവശ്യമായ നടപടി സ്വീകരിച്ചതായി കലക്ടര്‍ അറിയിച്ചു. മാതൃക പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കുമെന്ന് ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസ് പറഞ്ഞു.
യോഗത്തില്‍ ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസന്‍, സബ് കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ പി മഹാദേവകുമാര്‍, വരണാധികാരികളായ പി ഷാജി, സി ജയന്‍, ഇ ജെ ഗ്രേസി, ബി അബ്ദുന്നാസര്‍, എ.ഡി.എം വി പി മുരളീധരന്‍, തിരഞ്ഞെടുപ്പ് ചെലവുകള്‍ പരിശോധിക്കുന്ന നോഡല്‍ ഓഫിസര്‍ ഇ പി രാജ്‌മോഹന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖര്‍, തഹസില്‍ദാര്‍മാരായ കെ സുജാത, എം കെ പരമേശ്വരന്‍ പോറ്റി, സജി എഫ് മെന്റിസ്, വെള്ളരിക്കുണ്ട് അഡീഷണല്‍ തഹസില്‍ദാര്‍ കെ അംബുജാക്ഷന്‍, കാസര്‍കോട് അഡീഷണല്‍ തഹസില്‍ദാര്‍ വി ജയരാജ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ രത്‌നാകരന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയപ്രകാശ്, കാസര്‍കോട് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍എ) എ ശ്രീവത്സന്‍, ഉപവരണാധികാരികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അഡ്വ. എ ഗോവിന്ദന്‍ നായര്‍, കെ പി സതീഷ് ചന്ദ്രന്‍, സി എച്ച് കുഞ്ഞമ്പു, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജോര്‍ജ്ജ് പൈനാപ്പിള്ളി, പി രമേഷ്, എം അബ്ദുല്ല മുഗു, ജോസഫ് വടകര, അഹമ്മദലി കുമ്പള, എ കുഞ്ഞിരാമന്‍ നായര്‍, എബ്രഹാം വര്‍ഗീസ്, നാഷണല്‍ അബ്ദുല്ല, എ ഭരതന്‍, വി കെ രമേശന്‍, ബഷീര്‍ ആലടി, കെ പി മുഹമ്മദ് കുഞ്ഞി, ഉബൈദുല്ല കടവത്ത് സംബന്ധിച്ചു.
Next Story

RELATED STORIES

Share it