Editorial

പൊതുസ്ഥലം കൈയേറിയല്ല ദേവാലയങ്ങള്‍ നിര്‍മിക്കേണ്ടത്

പൊതുസ്ഥലങ്ങളും റോഡുകളും കൈയേറി ദേവാലയങ്ങള്‍ സ്ഥാപിക്കുന്നതിനെ സുപ്രിംകോടതി വീണ്ടും കടുത്തസ്വരത്തില്‍ വിമര്‍ശിച്ചിരിക്കുന്നു. അത്തരം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ കാണിക്കുന്ന അനാസ്ഥയാണ് പ്രധാനമായും സുപ്രിംകോടതി എടുത്തുകാട്ടുന്നത്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചു സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും സംസ്ഥാന ഭരണകൂടങ്ങള്‍ അത് അവഗണിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കകം ഇതുസംബന്ധിച്ചു റിപോര്‍ട്ട് ചെയ്യണമെന്നാണു കോടതി സംസ്ഥാനങ്ങള്‍ക്ക് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
പൊതുസ്ഥലങ്ങളില്‍ പണിത ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കുന്നതു സംബന്ധിച്ച് ഏതാണ്ടു പത്തു വര്‍ഷം മുമ്പു കൊടുത്ത ഒരു ഹരജി പരിഗണിക്കുകയായിരുന്നു രാജ്യത്തെ പരമോന്നത നീതിപീഠം. ജ. വി ഗോപാലഗൗഡയും അരുണ്‍ മിശ്രയും ചേര്‍ന്ന ബെഞ്ച് പൊതുസ്ഥലങ്ങള്‍ കൈയേറിയും ഗതാഗതം മുടക്കിയും ദേവാലയങ്ങള്‍ നിര്‍മിക്കുന്നതു ദൈവം ഇഷ്ടപ്പെടുകയില്ലെന്ന് എടുത്തുപറയുന്നു.
മതവിശ്വാസികള്‍ ഏറെയുള്ള ഇന്ത്യയില്‍ പൊതുസ്ഥലങ്ങളും റോഡുകളും സര്‍ക്കാര്‍ ഭൂമിയും കൈയേറി ക്ഷേത്രങ്ങളും പള്ളികളും ദര്‍ഗകളും ഗുരുദ്വാരകളും പണിയുന്നതു സാധാരണയാണ്. ദൈവവിശ്വാസം പ്രകടിപ്പിക്കാന്‍ മാത്രമല്ല രാഷ്ട്രീയമോ മതപരമോ ആയ മേല്‍ക്കോയ്മ സ്ഥാപിക്കുന്നതിനോ പണം പിടുങ്ങുന്നതിനോ ആണത്. സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമായും ആരാധനാലയങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ചിലയിടത്ത് വിഗ്രഹങ്ങള്‍ സ്വയംഭൂവാവുന്നു. ജാറങ്ങള്‍ ഉയരുന്നു.
ഇതൊക്കെ നിയമവിരുദ്ധമാണെങ്കിലും മതവിശ്വാസത്തെ സ്പര്‍ശിച്ചാലുണ്ടാവുന്ന ഭവിഷ്യത്തോര്‍ത്ത് അധികൃതര്‍ കണ്ണടയ്ക്കാറാണു പതിവ്. പലപ്പോഴും അധികൃതരുടെ പരോക്ഷ പിന്തുണയും അതിനുണ്ടാവും. സര്‍ക്കാര്‍ ഭൂമിയില്‍ മാത്രമല്ല ഓഫിസ് സമുച്ചയങ്ങള്‍ക്കുള്ളില്‍ പോലും ചെറിയ മട്ടില്‍ തുടങ്ങി ദിനേന വലിപ്പം കൂടുന്ന ആരാധനാലയങ്ങള്‍ കാണാം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്ഥാപിക്കുന്ന പലതരം മണ്ഡപങ്ങള്‍ അതിനു പുറമെയാണ്. എല്ലാം വാഹനങ്ങള്‍ക്കും വഴി നടക്കുന്നവര്‍ക്കും തടസ്സമുണ്ടാക്കുന്നു.
സമീപകാലത്തായി രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി പൊതുവായ ഇടങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ കൈവശപ്പെടുത്തുന്ന സംഭവങ്ങള്‍ കൂടിവരുന്നുണ്ട്. യഥാര്‍ഥത്തില്‍ മറ്റു രാജ്യങ്ങളിലൊന്നും കാണാത്ത വൈകാരികതയാണ് ഇത്തരം സംഭവങ്ങളില്‍ കാണുന്നത്. പല മുസ്‌ലിം-ക്രൈസ്തവ രാജ്യങ്ങളിലും റോഡ് വികസനത്തിനും ജനോപകാരപ്രദമായ പദ്ധതികള്‍ക്കും ദേവാലയങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് അധികൃതര്‍ മടികാണിക്കാറില്ല. ജനങ്ങളും അത്തരം നടപടികളോടു പ്രതികൂലമായി പ്രതികരിക്കാറുമില്ല.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി സുപ്രിംകോടതി ഇവ്വിഷയകമായി വളരെ പ്രധാനപ്പെട്ട ഉത്തരവുകള്‍ സംസ്ഥാന ഭരണകൂടങ്ങള്‍ക്കു നല്‍കിയിരുന്നു. 2013ല്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ദേവാലയങ്ങള്‍ മാത്രമല്ല നേതാക്കളുടെ പ്രതിമകളും സ്ഥാപിക്കുന്നതു കോടതി നിയമവിരുദ്ധമാക്കിയിരുന്നു. അതേ കാര്യം തന്നെയാണു സുപ്രിംകോടതി ആവര്‍ത്തിച്ചിരിക്കുന്നത്. അതു പാലിക്കാനാണു ഭരണകൂടങ്ങളും ജനങ്ങളും തയ്യാറാവേണ്ടത്.
Next Story

RELATED STORIES

Share it