പൊതുസമൂഹം ശബ്ദമുയര്‍ത്തുന്നത് സ്വാഗതാര്‍ഹം: പോപുലര്‍ ഫ്രണ്ട്‌

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച ബിജെപി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരേ രാജ്യത്ത് പൊതുജനാഭിപ്രായം രൂപപ്പെടുന്നതിനെ പോപുലര്‍ ഫ്രണ്ട് ദേശീയ നിര്‍വാഹക സമിതി സ്വാഗതം ചെയ്തു. നിരോധനത്തിനെതിരേ തുറന്നു സംസാരിച്ച സംഘടനകള്‍ക്കും നേതാക്കള്‍ക്കും യോഗം നന്ദി പ്രകടിപ്പിച്ചു. സംഘപരിവാരത്തിന്റെ അടിച്ചമര്‍ത്തല്‍ നീക്കങ്ങളെ തിരിച്ചറിയാനും പോപുലര്‍ ഫ്രണ്ടിന് പിന്തുണ നല്‍കാനും വലിയൊരു വിഭാഗം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മുസ്‌ലിം സംഘടനകള്‍ക്കും സാധിച്ചുവെന്നതു പ്രതീക്ഷ നല്‍കുന്നു. കേന്ദ്ര സര്‍ക്കാരും ജാര്‍ഖണ്ഡ് സര്‍ക്കാരും സ്വീകരിച്ച ഭരണഘടനാ വിരുദ്ധമായ നീക്കത്തിനെതിരായ മുന്നറിയിപ്പായി ഈ പ്രതികരണങ്ങളെ കാണണം. ജനാധിപത്യ വിരുദ്ധമായ നിരോധനം പിന്‍വലിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു. അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വക്താവും ഇസ്‌ലാമിക പണ്ഡിതനുമായ മൗലാനാ സജ്ജാദ് നുഅ്മാനിക്കെതിരായ എഎഫ്ആറിന്റെ സാധുതയെ നിര്‍വാഹക സമിതി ചോദ്യംചെയ്തു. നുഅ്മാനിക്കെതിരായ പരാതിയിലെ എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് പ്രമേയം അഭിപ്രായപ്പെട്ടു.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതാണെന്നു മറ്റൊരു പ്രമേയത്തില്‍ യോഗം അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരുടെ സമരങ്ങള്‍ക്കൊപ്പം ഇടതുകക്ഷികള്‍ നിലയുറപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ത്രിപുരയിലെ പരാജയത്തിനു ശേഷവും ഇടതുപക്ഷത്തിന് രാജ്യത്ത്  വലിയ പങ്ക് വഹിക്കാനാവുമെന്നു യോഗം വിലയിരുത്തി. സംസ്ഥാനത്ത് സിപിഎം വലിയ ശക്തിയായി തുടരുന്നുവെന്നാണു വോട്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അസം ഒഴിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യ ഒന്നരക്കോടിയില്‍ താഴെ മാത്രമാണ്. ഇതിനാല്‍ മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര  ഫലങ്ങള്‍ രാജ്യത്തെ മൊത്തം  പ്രതിഫലനമാണെന്ന് അംഗീകരിക്കാനില്ലെന്നു  പ്രമേയത്തില്‍ പറയുന്നു. മലപ്പുറത്ത് നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഒഎംഎ സലാം, ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന, അബ്ദുല്‍ വാഹിദ് സേട്ട്, അനീസ് അഹ്മദ്, ഇ എം അബ്ദുല്‍ റഹ്മാന്‍, കെ എം ശരീഫ്, അഡ്വ മുഹമ്മദ് യൂസുഫ്, പ്രഫ. പി കോയ, എ എസ് ഇസ്മാഈല്‍, മുഹമ്മദ് റോഷന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it