Pravasi

പൊതുശുചിത്വ നിയമം നടപ്പാക്കുന്നതിന് മന്ത്രിസഭാ അംഗീകാരം



ദോഹ: പൊതുശുചിത്വ നിയമം നടപ്പാക്കാനുള്ള അനിവാര്യ നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ ഉപപ്രധാനമന്ത്രിയും കാബിനറ്റ്കാര്യ മന്ത്രിയുമായ അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് ആല്‍മഹ്മൂദിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം തീരുമാനിച്ചു. കരട് നിയമത്തെ സംബന്ധിച്ചുള്ള ശൂറ കൗണ്‍സില്‍ നിര്‍ദേശം വിലയിരുത്തിയതിനു ശേഷമാണ് നിയമം പ്രാബല്യത്തില്‍ വരുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.പൊതുശുചിത്വവുമായി ബന്ധപ്പെട്ട 1974 വര്‍ഷത്തെ എട്ടാം നമ്പര്‍ നിയമം പരിഷ്‌കരിച്ചാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങള്‍, ഗ്രൗണ്ടുകള്‍, റോഡുകള്‍, സ്ട്രീറ്റുകള്‍, നടപ്പാതകള്‍, ഇടവഴികള്‍, റോഡ് വശങ്ങള്‍, നിരന്ന സ്ഥലങ്ങള്‍, പാര്‍ക്കുകള്‍, കടല്‍ത്തീരങ്ങള്‍, ഒഴിഞ്ഞ സ്ഥലങ്ങള്‍, കെട്ടിടത്തിനടിവശം, കെട്ടിട പരിസരം, ബാല്‍ക്കണി, കെട്ടിട നടവഴികള്‍, കെട്ടിടത്തിലെ ഒഴിഞ്ഞ സ്ഥലങ്ങള്‍, കെട്ടിടത്തിനു മുന്‍വശം, പാര്‍ക്കിങ് ഏരിയ തുടങ്ങിയ സ്ഥലങ്ങളില്‍ മാലിന്യങ്ങളും ചപ്പുചവറുകളും എറിയുന്നതും ഉപേക്ഷിക്കുന്നതും നീക്കം ചെയ്യുന്നതും നിരോധിച്ചുകൊണ്ടുള്ളതാണ് പുതിയ നിയമം. നഗരസഭ നിശ്ചയിക്കാത്ത സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതും നീക്കം ചെയ്യുന്നതും കൈകാര്യം ചെയ്യുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്.എല്ലാ നിലയിലുമുള്ള പൊതുശുചിത്വ പ്രവര്‍ത്തികള്‍ നിര്‍വഹിക്കാനുള്ള അധികാരം ബന്ധപ്പെട്ട നഗരസഭകള്‍ക്കാണുള്ളത്. മാലിന്യം ശേഖരിക്കലും നീക്കം ചെയ്യലും നിക്ഷേപിക്കലുമെല്ലാം നഗരസഭകളുടെ ഉത്തരവാദിത്തത്തില്‍പ്പെട്ടതായിരിക്കും. മാലിന്യം നീക്കം ചെയ്യുന്നതിനും  സംസ്‌കരിക്കുന്നതിനും സ്വകാര്യ കമ്പനികളെയോ മറ്റ് വകുപ്പുകളെയോ ഏല്‍പിക്കുന്നതിനുള്ള അധികാരവും നിയമപ്രകാരം നഗരസഭകള്‍ക്കാണുള്ളത്. അതേസമയം, 2017-2022 കാലയളവിലേക്കുള്ള പുതിയ ഖത്തര്‍ പാര്‍പ്പിട നയരേഖാ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി.
Next Story

RELATED STORIES

Share it