kannur local

പൊതുവിദ്യാലയ സംരക്ഷണം : ഗൃഹസന്ദര്‍ശനവുമായി ജനപ്രതിനിധികള്‍



കാട്ടാമ്പള്ളി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന തിരികെ തിരുമുറ്റത്തേക്ക് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിദ്യാര്‍ഥി-യുവജന സംഘടനാപ്രതിനിധികള്‍ കുട്ടികളെ ക്ഷണിക്കാന്‍ വീടുകളിലെത്തിയപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ന്നത് 13 കുരുന്നുകള്‍. ഏതാനും മണിക്കൂറുകള്‍ കൊണ്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ നേതൃത്വത്തില്‍ യുവജന പ്രതിനിധികള്‍ കാട്ടാമ്പള്ളി ഗവ. എംയുപി സ്‌കൂളിലെ ഒന്നാം ക്ലാസിലേക്ക് ഇത്രയും കുട്ടികളെ ചേര്‍ത്തത്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തില്‍ യുവജനങ്ങളെ കൂടി പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു കാട്ടാമ്പള്ളിയില്‍ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്. വിവിധ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളുടെ ജില്ലാ നേതാക്കള്‍ തന്നെ കുട്ടികളെ ക്ഷണിക്കാനെത്തി. ഇവരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും ജനപ്രതിനിധികളും ചേര്‍ന്നതോടെ പ്രവേശന കാംപയിന്‍ നാട്ടുല്‍സവമായി മാറി. പൊതുവിദ്യാലയങ്ങളുടെ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു. കുട്ടികള്‍ക്ക് സ്‌കൂള്‍ വക യൂനിഫോമിനോടൊപ്പം പിടിഎ വൈസ് പ്രസിഡന്റ് സ്‌പോണ്‍സര്‍ ചെയ്ത കുടയും സമ്മാനമായി നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ പി ജയബാലന്‍ , വി കെ സുരേഷ് ബാബു, അംഗങ്ങളായ അജിത് മാട്ടൂല്‍, പി പി ഷാജിര്‍, ചിറക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എ സോമന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി കെ സനോജ്, ജോയിന്റ് സെക്രട്ടറി മനുതോമസ്, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി, എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി രജീഷ്, യുവ ജനതാദള്‍ പ്രതിനിധി ഉത്തമന്‍ വേലിക്കകത്ത്, എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പി എം അഖില്‍, മുഹമ്മദ് സിറാജ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്, വൈസ് പ്രസിഡന്റ് ഷിബിന്‍, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ആദര്‍ശ്, എംഎസ്എഫ് സംസ്ഥാന കൗണ്‍സിലംഗം ഇജാസ് ആറളം, എബിവിപി ജില്ലാ കണ്‍വീനര്‍ പ്രേംസായ്, സനില്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി അബ്ദുല്‍ ലത്തീഫ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ മാനേജ്‌മെന്റ്-പിടിഎ പ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it