kozhikode local

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം രണ്ടാംഘട്ടം നാളെ തുടങ്ങും



കോഴിക്കോട്: അക്കാദമിക മികവിലൂടെ വിദ്യാലയ മികവ് എന്ന മുദ്രാവാക്യവുമായി വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ നാളെ തുടക്കമാവും. സ്‌കൂള്‍ വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ഹൈടെക് ക്ലാസുമുറികള്‍ ഒരുക്കുകയുമാണ് ഒന്നാം ഘട്ടത്തില്‍ ചെയ്തതെങ്കില്‍, അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പൊതുജന സമക്ഷം പ്രഖ്യാപിക്കുന്ന പരിപാടിയാണ് രണ്ടാം ഘട്ടത്തില്‍ നടക്കുക. ഇതിനായി ജില്ലയിലെ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും പ്രധാനാധ്യാപകരുടെയും ഹയര്‍സെക്കന്ററി, വിഎച്ച്എസ്‌സി പ്രിന്‍സിപ്പല്‍മാരുടെയും പരിശീലന ശില്‍പശാല നാളെ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. ജനുവരി 30നു മുമ്പായി മുഴുവന്‍ സ്‌കൂളുകളും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും ഫെബ്രുവരി ഒന്നിന് രക്ഷിതാക്കളെയും പൊതുജനങ്ങളെയും സ്‌കൂളില്‍ വിളിച്ചുവരുത്തി പ്രഖ്യാപനം നടത്തുകയും ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.വിദ്യാഭ്യാസ അവകാശനിയമം അനുശാസിക്കുന്ന അധ്യയന ദിവസങ്ങളും പഠന മണിക്കൂറുകളും ഉറപ്പാക്കിക്കൊണ്ടാണ് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ടത്. പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങള്‍ പരമാവധി നേടിയെടുക്കാന്‍ കഴിയും വിധം പഠന-ബോധനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. ഭാഷാപഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി നടപ്പിലാക്കിയ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് പോലെയുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണം. പ്രതിഭാ പോഷണ പരിപാടികള്‍, പഠന പിന്നോക്കക്കാര്‍ക്കുള്ള പദ്ധതികള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള പരിഗണന എന്നിവ മാസ്റ്റര്‍ പ്ലാനിന്റെ പ്രധാന ഘടകങ്ങളാണ്. ഓരോ കുട്ടിയുടെയും സ്ഥാപനത്തിന്റെയും പരമാവധി വളര്‍ച്ച ലക്ഷ്യമാക്കിയുള്ള “വിഷന്‍ 100’ എന്ന ആശയമാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വെച്ചിട്ടുള്ളത്.പത്തിന് രാവിവെ 10.ന് വിദ്യാഭ്യാസ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പരിശീലനം നടക്കുക. താമരശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോഴിക്കോട് പ്രൊവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വടകര ഡയറ്റ് എന്നിവിടങ്ങളില്‍ അതത് വിദ്യഭ്യാസ ജില്ലയില്‍ നിന്നുള്ളവര്‍ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ. കെ. സുരേഷ് കുമാര്‍, ഹയര്‍ സെക്കന്‍ഡറി റിജീനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആനിമോള്‍ കുര്യന്‍, വി. എച്ച്. എസ്. സി. അസിസ്റ്റന്റ് ഡയറക്ടര്‍ എം. ശെല്‍വമണി അറിയിച്ചു.
Next Story

RELATED STORIES

Share it