malappuram local

പൊതുവിദ്യാഭ്യാസ സംരക്ഷണം : പൊന്നാനി മാതൃക ശ്രദ്ധേയമാവുന്നു



പൊന്നാനി: പൊതുവിദ്യാഭ്യാസ രംഗത്ത് മാതൃകാപദ്ധതിയൊരുക്കി ശ്രദ്ധേയമാവുകയാണു പൊന്നാനി നഗരസഭ. കേരളം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിക്കും മുന്‍പ് തന്നെ വേറിട്ട പദ്ധതികളിലൂടെ കേരളത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ പൊന്നാനി നഗരസഭ ഇത്തവണയും രണ്ടു മാതൃക പദ്ധതികള്‍ക്കാണു തുടര്‍ച്ച സൃഷ്ടിക്കുന്നത്. ജൂണ്‍ ഒന്നിന് നഗരസഭയിലെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ്സില്‍ എത്തുന്ന എല്ല കുട്ടികള്‍ക്കും സൗജന്യമായി ബാഗും കുടയും സ്ലേറ്റു പെന്‍സിലും സൗജന്യമായി നല്‍കുന്ന കുഞ്ഞിക്കുടയും ചങ്ങാതി ബാഗും പദ്ധതി ഈ വര്‍ഷവും തുടരും. പൊന്നാനി സര്‍വീസ് സഹകരണ ബാങ്കാണ് നഗരസഭയിലെ ആയിരത്തി ഇരുന്നൂറില്‍ അധികം വരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക്  കുടയും ബാഗും നല്‍കുന്നത്. കഴിഞ്ഞ വര്‍ ഷം ആരംഭിച്ച ഈ പദ്ധതിക്ക് ആറര ലക്ഷത്തോളം രൂപയാണു ചെലവ് വരുന്നത്. പൊതു സമൂഹത്തിന്റെ പിന്തുണയോടെ പൊതു വിദ്യാലയങ്ങളുടെ നഷ്ടപ്രതാപം തിരിച്ചു പിടിക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കാതല്‍. തീരദേശ മേഖല ഉള്‍പ്പെട്ടുന്ന പൊന്നാനിയിലെ 27 വിദ്യാലയങ്ങളിലെ എല്ല കുട്ടികളും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. സഹകരണ മേഖലക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ നിര്‍ണായക പങ്കു വഹിക്കാനുണ്ട് എന്ന തിരിച്ചറിവാണ് ഇത്തരത്തില്‍ ഒരു പദ്ധതി നഗരസഭക്ക് വേണ്ടി നടപ്പിലാക്കാന്‍ ബാങ്കിനെ പ്രേരിപ്പിച്ചതെന്ന് പൊന്നാനി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി പി ഉമ്മര്‍ പറഞ്ഞു. ആണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് കുട്ടികളുടെ വ്യാപകമായ ഒഴുക്കിനെ തടഞ്ഞു നിര്‍ത്താന്‍ ഗുണനിലവാരം നിറഞ്ഞ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്ന നടപടിയാണ് ഇത്. കഴിഞ്ഞ വര്‍ഷം തന്നെ സംസ്ഥാന തലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ  ശ്രദ്ധ പിടിച്ചു പറ്റിയ പദ്ധതിയാണ് കുഞ്ഞിക്കുടയും ചങ്ങാതി ബാഗും. സ്‌കൂബീ, പോപ്പി, ജോണ്‍സ് കമ്പനികളുടെ ഗുണ നിലവാരമുള്ള ബാഗുകളും കുടകളുമാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. സമീപ കാലത്തു കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവേശത്തോടെ വീക്ഷിച്ച മറ്റൊരു പദ്ധതിയും പൊന്നാനിയില്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. സ്ലേറ്റും പെന്‍സിലും എന്ന് പേരിട്ട പ്രാഥമിക വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി. ഒന്ന് മുതല്‍ നാലു വരെ ക്ലാസ്സിലെ കുട്ടികള്‍ക്ക് ഭാഷ, ഗണിതം, ഇംഗ്ലീഷ് എന്നിവയില്‍ സമഗ്രമായ അറിവ് നല്‍കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസ്സില്‍ നടപ്പിലാക്കിയ പദ്ധതി ഇത്തവണ രണ്ടാം ക്ലാസ്സിലേക്ക് തുടരുകയാണ്. നിലവിലുള്ള പാഠ്യപദ്ധതി കുട്ടികള്‍ക്ക് കുറെ കൂടെ ആയാസത്തിലും, സര്‍ഗ്ഗാത്മകമായും ചെയ്തു പഠിപ്പിക്കുക എന്നതാണ് രീതി. ഇതിനു വേണ്ടി പ്രതീയേക അധ്യാപക പരിശീലന പരിപാടിയും വര്‍ക്ക്‌ഷോപ്പുകളും നഗരസഭ യുആര്‍സി യുടെ സഹായത്തോടെ സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഭാഷ ഗണിതം ഇഗ്ലീഷ് വിഷയങ്ങളുടെ വര്‍ക് ഷീറ്റ് ബുക്കുകള്‍ നഗരസഭ അച്ചടിച്ച് സൗജന്യമായി നല്‍കി. പാഠഭാഗങ്ങള്‍ പഠിപ്പിക്കാനുള്ള പഠനോപകരങ്ങളും ഇതോടൊപ്പം എല്ല സ്‌കൂളുകള്‍ക്കും നല്‍കുകയുണ്ടായി. കുട്ടിക്ക് വീട്ടില്‍ വച്ച് പാഠഭാഗത്തിന് അനുസരിച്ചു വര്‍ക്ക് ഷീറ്റുകളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞതും, രക്ഷിതാക്കള്‍ക്ക് കുട്ടികളെ പഠനഭാഗങ്ങളില്‍ സഹായിക്കാന്‍ കഴിയുന്നതും പദ്ധതിയെ വലിയതോതില്‍ ജനപിന്തുണ ഉള്ളതാക്കി തീര്‍ത്തുവെന്ന് നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി അവകാശപ്പെട്ടു. ക്ലാസ് പിടിഎകള്‍ സജീവമാക്കി കുട്ടികളുടെ വര്‍ക്ക് ഷീറ്റുകള്‍ മാസത്തിലൊരിക്കല്‍ വിശകലനം ചെയ്യുന്നത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നാലാം ക്ലാസ് പൂര്‍ത്തീകരിച്ചു നഗരസഭയിലെ വിദ്യാലയങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്ന കുട്ടികള്‍ക്ക് മലയാളത്തിലും, ഇംഗ്ലീഷിലും എഴുത്തും വായനയും ഉറപ്പു വരുത്താനും, ഗണിതത്തിലെ അടിസ്ഥാന ആശയങ്ങള്‍ ഉറപ്പുവരുത്താനും ആണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. പദ്ധതി മികച്ച രൂപത്തില്‍ നടപ്പാക്കുന്ന വിദ്യാലങ്ങള്‍ക്കു ഈ വര്‍ഷം മുതല്‍ പുരസ്‌ക്കാരം ഏര്‍പ്പെടുത്താനും നഗരസഭ തീരുമാനിച്ചിട്ടുണ്ടന്ന് വിദ്യാദ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it