പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫയല്‍ ഓഡിറ്റിങ് സംവിധാനം നടപ്പാക്കും

തിരുവനന്തപുരം: അധ്യാപക നിയമന അംഗീകാരം ഉള്‍പ്പെടെ ദീര്‍ഘകാലമായി തീര്‍പ്പാവാതെ കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഫയല്‍ ഓഡിറ്റ് സംവിധാനം നടപ്പാക്കുന്നു. ഒരു വര്‍ഷത്തിലേറെ പഴക്കമുളള മുഴുവന്‍ ഫയലുകളും വരുന്ന ആറു മാസത്തിനുളളില്‍ തീര്‍പ്പാക്കുകയാണു ലക്ഷ്യം.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നാല് തലങ്ങളില്‍ നാലു ഘട്ടങ്ങളായാണു ഫയല്‍ ഓഡിറ്റ് നടത്തുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, ജില്ലാ വിദ്യാഭ്യാസ ഓഫിസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫിസ് എന്നിവയാണ് നാലുതലങ്ങള്‍. ഒന്നാം പാദ ഓഡിറ്റ് ജൂലൈയിലും രണ്ടാം പാദ ഓഡിറ്റ് ഒക്‌ടോബറിലും മൂന്നാം പാദ ഓഡിറ്റ് 2019 ജനുവരിയിലും നാലാം പാദഓഡിറ്റ് 2019 ഏപ്രിലും നടക്കും.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളില്‍ ജില്ലാവിദ്യാഭ്യാസ ഓഫിസില്‍ നിന്നുളള ടീം അംഗങ്ങളും ജില്ലാ വിദ്യാഭ്യാസ ഓഫിസുകളില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസില്‍ നിന്നുള്ള ടീം അംഗങ്ങളും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസുകളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫിസില്‍ നിന്നുള്ള ടീം അംഗങ്ങളും ഓഡിറ്റ് നടത്തും.
വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫിസില്‍ അതേ ഓഫിസില്‍ തന്നെയുള്ള ഒരു ഹയര്‍ലെവല്‍ ടീം ആയിരിക്കും ഓഡിറ്റ് നടത്തുക. ഫയല്‍ ഓഡിറ്റ് സംസ്ഥാനതല ശില്‍പശാല വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it