Flash News

പൊതുവിദ്യാഭ്യാസ മേഖല ലോകനിലവാരത്തിലേക്ക് ഉയര്‍ത്തും : മുഖ്യമന്ത്രി



തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ഊരുട്ടമ്പലം സ്‌കൂളില്‍ സംസ്ഥാനതല പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവാരം മെച്ചപ്പെടുത്തുന്ന നടപടി പ്രവൃത്തിയിലൂടെ സര്‍ക്കാര്‍ തെളിയിക്കും. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്ന ചിന്തയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുകയാണ്. സാധാരണക്കാരുടെ കുട്ടികള്‍ക്കും മികവു നേടാനുള്ള സാഹചര്യമൊരുക്കും. ഇതിന്റെ ഭാഗമായാണ് ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ സ്മാര്‍ട്ട് ക്ലാസുകളാക്കാനും പൊതുവിദ്യാലയങ്ങള്‍ ഹൈടെക് ആക്കാനും  നടപടി സ്വീകരിച്ചിരിക്കുന്നത്. ജനപങ്കാളിത്തത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുക. സര്‍ക്കാര്‍ സ്‌കൂളുകള്‍ പോലെ തന്നെ എയ്ഡഡ് വിദ്യാലയങ്ങളും പ്രധാനമാണ്. എയ്ഡഡ് സ്‌കൂളുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് ഒരു കോടി രൂപ വരെ ചെലവാക്കും. നവോത്ഥാന കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന ഇടപെടല്‍ കേരളത്തിലുണ്ടായി. ഒരുകാലത്ത് വിദ്യാഭ്യാസത്തിന് കേരളത്തില്‍ വിവേചനം നിലനിന്നിരുന്നു. ഇതില്‍ മാറ്റമുണ്ടായി. ഇത് സുഗമമായി ഉണ്ടായതല്ലെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവുമെന്ന് അദ്ദേഹം പറഞ്ഞു. കണ്ടല ലഹളയുടെ ഓര്‍മയ്ക്കായി ഊരുട്ടമ്പലം യുപി സ്‌കൂളില്‍ നിര്‍മിച്ച ശതാബ്ദി സ്മാരകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. ജനകീയ വിദ്യാഭ്യാസ മാര്‍ഗരേഖയുടെ പ്രകാശനവും നടത്തി. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഐടി @ സ്‌കൂളും വിക്‌ടേഴ്‌സ് ചാനലും പുതുതായി ആരംഭിക്കുന്ന 15 വിദ്യാഭ്യാസ പരിപാടികളുടെ സംപ്രേഷണ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. അക്കാദമിക മികവിനുള്ള പിന്തുണ സാമഗ്രി പ്രകാശനം എ സമ്പത്ത് എംപി നിര്‍വഹിച്ചു. ഐബി സതീഷ് എംഎല്‍എ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നടത്തി.
Next Story

RELATED STORIES

Share it