palakkad local

പൊതുവിദ്യാഭ്യാസം അദ്ദുതകരമായ മുന്നേറ്റത്തില്‍ : എം ബി രാജേഷ് എം പി



ചെര്‍പ്പുളശ്ശേരി:കേരളത്തില്‍ പൊതുവിദ്യാഭ്യാസം അദ്ദുതകരമായ മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നതെന്ന് എം.ബി രാജേഷ് എം  പി പറഞ്ഞു. ഷൊര്‍ണൂര്‍ നിയോജകമണ്ഡലത്തിലെ കയില്യാട് എഎല്‍പി സ്‌കൂളില്‍ ജില്ലാതല പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയ മുന്നേറ്റത്തിന് വലിയ ഊര്‍ജ്ജമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കൊപ്പം എയ്ഡഡ് വിദ്യാലയങ്ങളുടെ കൂടി പാശ്ചാത്തല സൗകര്യം മെച്ചപ്പെടുത്താനുള്ള സഹായം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അണ്‍എയ്ഡഡ് വിദ്യാലയത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പൊതു വിദ്യാലയങ്ങളിലേക്ക്  എത്തുകയാണ്. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുന്നതില്‍ അസ്വസ്ഥരായ ചിലരുടെ എതിര്‍പ്പ് ഉയര്‍ന്ന് വന്നേക്കാം. ഇത് കാര്യമാക്കേണ്ടെന്ന് രാജേഷ് പറഞ്ഞു. മുഴുവന്‍ ക്ലാസ്മുറികളും സ്മാര്‍ട്ട് ക്ലാസുകളാക്കി സമ്പൂര്‍ണ ഐടി അധിഷ്ഠിത പഠനത്തിന് മുന്‍ഗണന നല്‍കുന്ന വിദ്യാലയമാണ് കയില്യാട് എ.എല്‍.പി സ്‌കൂള്‍.  ചടങ്ങില്‍ ചളവറ പഞ്ചായത്ത് പ്രസിഡണ്ട് പി. വത്സല അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് പുതിയ സ്‌കൂള്‍ കെട്ടിടം എം ബി രാജേഷ് എം പി വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു.  ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സുധാകരന്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു. പുതിയ സ്‌കൂള്‍ ബസിന്റെ ഫഌഗ് ഓഫ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. ജൈവവൈവിധ്യ പാര്‍ക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. സുധിനയും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ്. ശിവരാമന്‍, ചളവറ ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഡിഡിഇഎം ആര്‍ രോഹിണി, എച്ച്എസ്എ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ എം. സേതുമാധവന്‍, ഷൊര്‍ണൂര്‍ ബിപിഒ സി  ബാബു, സ്‌കൂള്‍ പ്രധാനാധ്യാപകന്‍  സുകുമാരന്‍, സ്‌കൂള്‍ മാനേജര്‍ കെ വേണുഗോപാല്‍ എന്നിവരും സന്നിഹിതരായി.പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് പാലക്കാട് ജില്ലയിലും പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമിട്ടത്.
Next Story

RELATED STORIES

Share it