palakkad local

പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി ലഭ്യമാവുന്ന അരി ഉപയോഗശൂന്യം: താലൂക്ക് വികസന സമിതി

ഒറ്റപ്പാലം: റേഷന്‍ കട, മാവേലി സ്‌റ്റോര്‍, പിപ്പിള്‍സ് ബസാര്‍ എന്നിവിടങ്ങളില്‍ നിന്നും വിതരണം ചെയ്യുന്ന അരി ഉപയോഗ ശൂന്യമാണെന്ന പരാതി ഒറ്റപ്പാലം താലൂക്ക് വികസന സമിതിയുടെ അവസാനത്തെ യോഗത്തില്‍ ഏറെ നേരത്തെ ചര്‍ച്ചക്ക് വഴിയൊരുക്കി. ഒറ്റപ്പാലത്ത് സിവില്‍ സപ്ലൈസിന്റെ വിതരണത്തിനു എത്തിയ 4 ലോഡ് അരി പുഴു അരിച്ചതാണെന്നു തോമസ് ജേക്കബ് ആരോപിച്ചു. ഇതിനു ആധികാരികമായ തെളിവ് തന്റെ പക്കല്‍ ഉണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു.

മട്ടയരിയില്‍ വിഷാംശം ഉണ്ടെന്ന പരാതിയില്‍ പരിശോധന നടത്തി എന്നതല്ലാതെ ആരോപണം ശരിയല്ലെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചു. റവന്യൂ വകുപ്പ് രണ്ടുതരം നയം സ്വീകരിക്കുന്നെന്നും സ്‌റ്റോപ്പ് മെമ്മോ കൊടുത്ത ക്വാറി ഇപ്പോഴും പ്രവര്‍ത്തിക്കുണ്ടെന്നും പരാതി ഉയര്‍ന്നു. റീ സര്‍വേയില്‍ അത്യാവശ്യം വേണ്ടുന്ന അപേക്ഷകള്‍പോലും വേണ്ടത്ര ജീവനക്കാരില്ല എന്ന് പറഞ്ഞു മാറ്റിവേക്കുകയാണെന്നും പരാതിയുയര്‍ന്നു. ഒറ്റപ്പാലം താലുക്ക് ആശുപത്രിയില്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയതിനാല്‍ രോഗികള്‍ വല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നു തോമസ് ജേക്കബും അമ്പലപ്പാറ പി.എച്ച്.സിയില്‍ ടെക്‌നീഷ്യന്‍മാരില്ലാത്തത് പരിഹരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഗൗരിയും ആവശ്യുപ്പെട്ടു.

ഒറ്റപ്പാലം പോലിസ് സ്‌റ്റേഷനില്‍ പരാതിക്കാര്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നും സഭയില്‍ അധ്യക്ഷകൂടിയായ അവര്‍ പരാതിപ്പെട്ടു. ഒറ്റപ്പാലം ബസ്സ് സ്റ്റാന്‍ഡ് പരിസരം, കംഫര്‍ട്ട് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ സാമൂഹികവിരുദ്ധരുടെയും ലഹരി വില്‍പനക്കാരുടെയും വിഹാര കേന്ദ്രമാണെന്ന് സഭയില്‍ പരാതി ഉണ്ടായി.മിനി സിവില്‍ സ്‌റ്റേഷനില്‍ ഓഫിസുമാറ്റം നടക്കാത്തത് വൈദ്യുതി, വാട്ടര്‍ കണക്ഷന്‍ കിട്ടത്തതിനാലാണെന്ന് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സഭയെ അറിയിച്ചു. ബന്ധപ്പെട്ട കണക്ഷനുകള്‍ക്ക് അപേക്ഷ നല്‍കുമ്പോള്‍ ഓഫിസ് മുറികള്‍ക്ക് നഗരസഭയുടെ നമ്പര്‍ ലഭിച്ചിട്ടില്ലെന്നും കൂടാതെ വാട്ടര്‍കണക്ഷന്‍ പതിനായിരം രൂപ പ്രത്യേകം പ്രത്യേകം വകുപ്പുകള്‍ കേട്ടി വെക്കുന്നതിലുള്ള സാങ്കേതിക ബുദ്ധിമുട്ടും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അണ്ടര്‍ടേക്കിങ് ഹാജരാക്കിയാല്‍ മതി സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് നഗരസഭ ജനറല്‍ സൂപ്രണ്ട് തെറ്റിദ്ധരിപ്പിച്ചെന്നുന്നുമാണ് ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞത്. ഒറ്റപ്പാലം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി സുബൈദ , ലക്കിടി പേരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എ ഷൌക്കത്തലി, അഡീഷണല്‍ തഹസീല്‍ദാര്‍ അനന്ദകുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it