ernakulam local

പൊതുവഴി തുറന്നു കൊടുക്കണം;മാഞ്ഞാലിയില്‍ ജനനീതി മാര്‍ച്ച്

ആലങ്ങാട്: മാഞ്ഞാലി വ്യാകുലമാതാ പള്ളി അധികൃതര്‍ അടച്ചുകെട്ടിയ പൊതുവഴി തുറന്നു കൊടുക്കുക, നിയമവിരുദ്ധമായി പതിച്ചു നല്‍കിയ പട്ടയഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കുക എന്ന ആവശ്യങ്ങളുയര്‍ത്തി മാഞ്ഞാലിയില്‍ സഞ്ചാര സ്വാതന്ത്രസമരസമിതിയുടെ നേതൃത്വത്തില്‍ ജനനീതി മാര്‍ച്ച് നടത്തി. കരുമാല്ലൂര്‍ പഞ്ചായത്തിലെ മാഞ്ഞാലിയില്‍ നിരവധി ജനങ്ങള്‍ പതിറ്റാണ്ടുകളായി ഉപയോഗിച്ച് വരുന്ന പൊതുവഴി വ്യാകുലമാതാ പള്ളി അധികൃതര്‍ അനധികൃതമായി അടച്ചുകെട്ടിയതിനെതിരേ നാളുകളായി പ്രദേശവാസികള്‍ സമരത്തിലായിരുന്നു. തര്‍ക്കഭൂമിയില്‍ ജില്ലാ കലക്ടറുടെ തീരുമാനം വരുന്നത്‌വരെ തല്‍സ്ഥിതി തുടരണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് ഉണ്ടായിരിക്കെ പള്ളി വികാരിയും കമ്മിറ്റിക്കാരും ചേര്‍ന്ന് പതിറ്റാണ്ടുകളായി ജനങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന പൊതുവഴി അടച്ചുകെട്ടി ടൈല്‍സ് വിരിച്ചു. ഇത് തടയേണ്ട പോലിസ് അതിന് ഒത്താശ ചെയ്തു കൊടുത്തു. ഇതോടെ പ്രദേശവാസികള്‍ ദുരിതത്തിലായി.പൊതുവഴി തുറന്ന് കൊടുക്കാനോ അനധികൃതമായി വിരിച്ച ടൈല്‍സ് എടുത്ത് മാറ്റുന്നതിനോ അധികൃതര്‍ തയ്യാറായിട്ടുമില്ല. ഈ സാഹചര്യത്തിലാണ് വ്യാകുലമാതാ പള്ളിയിലേക്ക് സമരസമിതിയുടെ നേതൃത്വത്തില്‍ ജനനീതി മാര്‍ച്ച് നടത്തിയത്. മാഞ്ഞാലി കടവില്‍ നിന്നാരംഭിച്ച മാര്‍ച്ച് കുന്നുംപുറത്ത് വച്ച് പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ ആം ആദ്മി പാര്‍ട്ടി നേതാവ് സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ ജില്ലാ ജന.സെക്രട്ടറി വി എം ഫൈസല്‍, എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഷെമീര്‍ മാഞ്ഞാലി, എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് സി എസ് ഷാനവാസ്, ജസ്റ്റിന്‍ ഇലഞ്ഞിക്കല്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ എച്ച് സദക്കത്ത്, ഹാഷിം ചേന്ദാമ്പിള്ളി, ജനകീയ ജാഗ്രത പ്രസ്ഥാനം നേതാവ് പി ജെ മാനുവല്‍, സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം നേതാവ് വി സി ജെനി, പി എച്ച് ഷാജി, വി യു ഇക്ബാല്‍, എസ്‌യുസിഐ ജില്ലാ സെക്രട്ടറി ഗോപിനാഥ്, ടി കെ സുധികുമാര്‍, എ അനസ്, സക്കീര്‍ അലി, ജോസഫ് വെളിയില്‍, പി പി അഗസ്റ്റ്യന്‍, കെ പി സാല്‍വിന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it