Idukki local

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ ജീവിതശൈലീ രോഗം

അബ്ദുല്‍ സമദ് എ
കുമളി: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ ജീവിതശൈലീ രോഗങ്ങള്‍ കൂടുതലാണെന്ന് ആരോഗ്യ വകുപ്പ്. ജീവനക്കാര്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളാണ് പ്രശ്‌നത്തിന് കാരണമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശാരീരിക മാനസിക ആരോഗ്യവസ്ഥകള്‍ പഠിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
നാഷണല്‍ പ്രോഗ്രാം ഒണ്‍ പ്രിവന്റ്‌സ് ആന്റ് കണ്‍ട്രോള്‍ ഓഫ് കാന്‍സര്‍, ഡയബറ്റ്‌സ്, സിവിഡിസ് ആന്റ് സ്‌ട്രോക് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരിശോധനയിലാണ് ഇക്കാര്യം വെളിവാകുന്നത്. പദ്ധതിയുടെ ഭാഗമായുള്ള നോണ്‍ കമ്യൂണിക്കബിള്‍ ഡിസീസ് സെല്‍ വഴിയാണ് ഇതു സംബന്ധിച്ചുള്ള പഠനങ്ങള്‍ നടത്തുന്നത്. സ്‌കൂളുകള്‍, പോലീസ് സ്‌റ്റേഷന്‍, ബാങ്കുകള്‍, പഞ്ചായത്ത് ഓഫീസ് ഉള്‍പ്പെടെയുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. ഓരോ ജില്ലയിലും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴിലാണ് നോണ്‍ കമ്യൂണിക്കബിള്‍ ഡിസീസ് സെല്‍ പ്രവര്‍ത്തിക്കുന്നത്.
താലൂക്ക് ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നേഴ്‌സ്, ഫിസിയോ തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍ എന്നിവരാണ് ഈ സംഘത്തിലുള്ളത്. ജില്ലയില്‍ ആറ് സംഘങ്ങളെയാണ് ഇതിനായി ആരോഗ്യ വകുപ്പ് നിയോഗിച്ചിരിക്കുന്നത്.
ഇടുക്കിയില്‍ മാത്രം 11 ലക്ഷത്തോളം ആളുകള്‍ പൊതുമേഖലാസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ഓരോ ജീവനക്കാരന്റെയും രക്ത സാമ്പിള്‍ എടുത്ത് പ്രമേഹത്തിന്റെ അളവും രക്തസമ്മര്‍ദവും ശേഖരിക്കുന്നുണ്ട്. കൂടാതെ ജീവനക്കാരുടെ കുടുംബാരോഗ്യ വിവരങ്ങള്‍, ആളുകളിലെ പുകവലി, ലഹരി ഉപയോഗം, ഉള്‍പ്പെടെ പത്തോളം കാര്യങ്ങളാണ് ചോദിച്ചറിയുന്നത്. ഇപ്പോള്‍ മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന കാര്യങ്ങളും രേഖപ്പെടുത്തുന്നുണ്ട്.
മറ്റ് രോഗ ലക്ഷണങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉള്ളവരേയും കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന നിര്‍ദേശവും ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്നുണ്ട്. പോലീസുകാരിലും ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരിലുമാണ് ഏറ്റവും കൂടുതല്‍ മാനസിക പിരിമുറുക്കം കാണപ്പെടുന്നതെന്നും കുറവ് അധ്യാപകരിലുമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ഉദ്യോഗസ്ഥര്‍ നേരുന്ന ജോലി ഭാരവും മറ്റ് പ്രശ്‌നങ്ങളുമാണ് ഇതിന് കാരണമെന്നും പറയുന്നു.
Next Story

RELATED STORIES

Share it