പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണം: നിയമസഭാ സമിതി

തിരുവനന്തപുരം: നിയമന നടപടികള്‍ സുതാര്യമാക്കുന്നതിനും പരാതികള്‍ ഒഴിവാക്കുന്നതിനും എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ പിഎസ്‌സിക്ക് വിടുന്നതിനുള്ള നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിയസഭാ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതോടൊപ്പം കാലതാമസം കൂടാതെ നിയമനചട്ടങ്ങളും രൂപീകരിക്കണം. സഹകരണ മേഖലയിലെ മുഴുവന്‍ നിയമനങ്ങളും പിഎസ്‌സി വഴി കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനാവശ്യമായ നയപരമായ തീരുമാനമെടുക്കുന്നതിനൊപ്പം ആവശ്യമായ നിയമഭേദഗതിയും കൊണ്ടുവരണമെന്ന് സമിതി റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. ജോസഫ് വാഴയ്ക്കന്‍ ചെയര്‍മാനായ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതിയുടെ റിപോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വച്ചു. ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷയില്‍ അജ്ഞതമൂലമുണ്ടാവുന്ന പാകപ്പിഴ തിരുത്താന്‍ പിഎസ്‌സി അവസരം നല്‍കണം. ഏതൊരു ഉദ്യോഗാര്‍ഥിക്കും മനസ്സിലാവുന്ന തരത്തില്‍ പിഎസ്‌സി വെബ്‌സൈറ്റില്‍ മാറ്റംവരുത്തണം. സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍വഴി പൂര്‍ണമായും സൗജന്യമായി പിഎസ്‌സി അപേക്ഷ സമര്‍പ്പിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണം. ഒഴിവുകളുടെ എണ്ണത്തിന് ആനുപാതികമായ ഉദ്യോഗാര്‍ഥികളെ മാത്രം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന യുപിഎസ്‌സിയുടെ മാതൃക പിന്തുടരാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കണം.
ഒഴിവുകള്‍ യഥാസമയം പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യാതെ പിന്‍വാതില്‍ നിയമനം നടത്തുന്ന വകുപ്പ് നിയമനാധികാരികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്ന കാര്യത്തില്‍ അടിയന്തര നടപടിയെടുക്കണം. ജൂനിയര്‍ അധ്യാപകര്‍ക്ക് 10,000 രൂപയും സീനിയര്‍ അധ്യാപകര്‍ക്ക് 12,000 രൂപയും പ്രതിമാസം മിനിമം വേതനം ലഭിക്കത്തക്കവിധം ഹയര്‍ സെക്കന്‍ഡറി ഗസ്റ്റ് അധ്യാപകരുടെ വേതനം പരിഷ്‌കരിക്കണം. പിഎസ്‌സി പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ കാലതാമസമില്ലാതെ വെബ്‌സൈറ്റില്‍ കാണുന്നതിന് അവസരമുണ്ടാവണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
Next Story

RELATED STORIES

Share it