പൊതുമേഖലാ സ്ഥാപനങ്ങളില്‍ സംവരണതത്വം പാലിക്കണം

കൊച്ചി: പിഎസ്‌സി നേരിട്ടല്ലാതെ നിയമനം നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളും കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സിന്റെ അടിസ്ഥാനത്തില്‍ സംവരണതത്വം പാലിക്കണമെന്ന് ഹൈക്കോടതി. സംവരണ തസ്തികയാണെന്ന പേരില്‍ കേരള വനിതാ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തേക്ക് തന്റെ നിയമനം തടഞ്ഞ നടപടി ചോദ്യം ചെയ്ത് കോട്ടയം മീനടം സ്വദേശി പോള്‍ ബെന്‍ നല്‍കിയ അപ്പീല്‍ ഹരജി തള്ളിയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ. എം ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്.
പിഎസ്‌സി മുഖേനയല്ലാതെ നിയമനം നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലും സംവരണതത്വം പാലിക്കണമെന്ന് വ്യക്തമാക്കി 1992 ഫെബ്രുവരി 28നും 1994 മാര്‍ച്ച് ഒന്നിനും സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറുകള്‍ നിലവിലുള്ളതായി ഡിവിഷന്‍ബെഞ്ച് ചൂണ്ടിക്കാട്ടി.
കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സിന്റെ 14 മുതല്‍ 17 വരെയുള്ള വകുപ്പുകള്‍ പ്രകാരം സര്‍ക്കാറിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് സംവരണ റൊട്ടേഷന്‍ പാലിക്കാന്‍ ബാധ്യതയുണ്ടെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളത്. സംവരണം ചെയ്യപ്പെട്ട ഒഴിവില്‍ അപേക്ഷകരില്‍ നിന്ന് ആരെയും ലഭ്യമല്ലെങ്കിലും റാങ്ക് പട്ടികയിലുള്ള മറ്റൊരാള്‍ക്ക് നിയമനം നല്‍കാനാവില്ലെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടികാട്ടി.
വനിതാ വികസന കോര്‍പറേഷനിലെ രണ്ട് ഒഴിവുകളില്‍ ഒന്നാമത്തേതില്‍ മുസ്‌ലീം സമുദായക്കാരനായ അപേക്ഷകനാണ് നിയമനം ലഭിച്ചത്. നിയമന പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനാണ് ഹരജിക്കാരന്‍. എന്നാല്‍, ഈ തസ്തിക സംവരണ റൊട്ടേഷന്‍ പ്രകാരം ഈഴവ സമുദായക്കാരനുള്ളതാണെന്ന് വ്യക്തമാക്കി ഹരജിക്കാരന് നിയമനം നല്‍കാത്തത് ചോദ്യം ചെയ്താണ് സിംഗിള്‍ബെഞ്ചിനെ സമീപിച്ചത്.
ഒഴിവുകളിലേക്ക് നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ സംവരണ തസ്തികയാണെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ലെന്നായിരുന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.
Next Story

RELATED STORIES

Share it