പൊതുമേഖലാ സ്ഥാപനങ്ങളിലെ വികലാംഗ സംവരണം 1996 മുതല്‍ പ്രാബല്യത്തില്‍ വരുത്തണം: ഹൈക്കോടതി

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളില്‍   1996 മുതല്‍ വികലാംഗര്‍ക്കു മൂന്ന് ശതമാനം സംവരണം പ്രാബല്യത്തില്‍ വരുത്തണമെന്നു ഹൈക്കോടതി. വികലാംഗ സംരക്ഷണ (തുല്യ അവസരത്തിനും അവകാശ സംരക്ഷണത്തിനും പൂര്‍ണ പങ്കാളിത്തത്തിനും ) നിയമം 1995 പ്രകാരം നിയമനം പ്രാബല്യത്തില്‍ വരുത്തണമെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാക്യഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

അസി. ഗ്രേഡ് രണ്ട് , ക്യാഷിയര്‍, ജൂനിയര്‍ ക്ലാര്‍ക്ക്, എല്‍ഡിസി തുടങ്ങിയ തസ്തികകളില്‍ കമ്പനികള്‍, ബോര്‍ഡുകള്‍, കോ-ഓപറേഷനുകള്‍ തുടങ്ങിയവയിലേക്ക് 2010 ഫെബ്രുവരി ഒന്നിനു ശേഷം  വികലാംഗര്‍ക്ക് മൂന്ന് ശതമാനം സംവരണം ഉറപ്പാക്കി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇതിനെതിരേ കണ്ണൂര്‍ സ്വദേശി ഇ ദിനേശന്‍ നല്‍കിയ ഹരജിയില്‍ 1995ലെ നിയമപ്രകാരം 1996 മുതല്‍ സംവരണം പ്രാബല്യത്തിലാക്കണമെന്ന് ഹൈക്കോടതി  സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. 2010നു ശേഷം സംവരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍  വിജ്ഞാപനപ്രകാരം ഹരജിക്കാരന്‍  റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടെങ്കിലും നിയമനം ലഭിച്ചില്ല.

1996 മുതല്‍ പൊതുമേഖലയില്‍ വികലാംഗ സംവരണം നടപ്പാക്കിയാല്‍ 3106 ഒഴിവുകള്‍ നികത്താനുണ്ട്. ഇതനുസരിച്ച് ഹരജിക്കാരന് നിയമനം നല്‍കണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍, നിയമന നഷ്ടം നികത്തുന്നതിന് സെപ്ഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തണമെന്നും നിലവിലെ ഒഴിവനുസരിച്ചു മാത്രമേ നിയമനം നടത്താനാവൂവെന്നും ചൂണ്ടിക്കാട്ടി പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി.  സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വയം ഭരണാവകാശ സ്ഥാപനങ്ങളിലും  വികലാംഗ സംവരണം ഉറപ്പാക്കുന്നുണ്ടെന്നും അതിനാല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും നിയമപ്രകാരം മൂന്ന് ശതമാനം സംവരണം നടപ്പാക്കണമെന്നും അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.1995ലെ വികലാംഗ നിയമം അനുസരിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ അന്ധതയോ കാഴ്ചക്കുറവോ ഉള്ളവര്‍, ബധിരര്‍, ചലനവൈകല്യമോ സെറിബ്രല്‍ പാള്‍സിയോ ഉള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കായി ഓരോ ശതമാനം ഒഴിവുകള്‍ സംവരണം ചെയ്യണമെന്ന് നിര്‍ദേശിക്കുന്നുണ്ട്.

സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കീഴിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഇത് നടപ്പാക്കാന്‍ ബാധ്യസ്ഥമാണ്. ഈ സാഹചര്യത്തില്‍ 2010നു ശേഷം മാത്രം സംവരണം പ്രാബല്യത്തിലാക്കിയ സര്‍ക്കാര്‍ വിജ്ഞാപനം നിലനില്‍ക്കുന്നതല്ലെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it