പൊതുമേഖലാ ബാങ്കുകള്‍ക്കുള്ള നിയന്ത്രണം അപര്യാപ്തം

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്കുമേ ല്‍ റിസര്‍വ് ബാങ്കിനുള്ള നിയന്ത്രണം അപര്യാപ്തമാണെന്ന് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. പൊതുമേഖലാ ബാങ്കുകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും റിസര്‍വ് ബാങ്കിന് കൂടുതല്‍ അധികാരം വേണമെന്നും പട്ടേല്‍ ആവശ്യപ്പെട്ടു. പഞ്ചാബ് നാഷനല്‍ ബാങ്ക് (പിഎന്‍ബി) സാമ്പത്തിക തട്ടിപ്പും നിഷ്‌ക്രിയ ആസ്തിയുമടക്കമുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റ് ധനകാര്യ സമിതിയുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍.
ബാങ്കുകളില്‍ കിട്ടാക്കടം വര്‍ധിച്ചുവരുന്നതു സംബന്ധിച്ചും നോട്ടുനിരോധന ശേഷം തിരിച്ചുവന്ന പണത്തിന്റെ കണക്കു സംബന്ധിച്ചും സമിതി പട്ടേലിനോട് വിശദീകരണം തേടി. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണ സംവിധാനങ്ങള്‍ ശക്തമാക്കുമെന്നു സമിതിക്കു മുമ്പാകെ പട്ടേല്‍ ഉറപ്പുനല്‍കിയതായാണു വിവരം.
കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്‌ലി അധ്യക്ഷനായ ബെഞ്ചില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കം വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാര്‍ അംഗങ്ങളാണ്. നോട്ടുനിരോധനശേഷം മാസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചെത്തിയ പണത്തിന്റെ കണക്കു പുറത്തുവിടാത്തതില്‍ റിസര്‍വ് ബാങ്ക് വിശദീകരണം നല്‍കണമെന്നു സമിതി അംഗമായ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ദിനേശ് ത്രിവേദി പറഞ്ഞു. പിഎന്‍ബി തട്ടിപ്പ് ശ്രദ്ധയില്‍ പെടാത്തതെന്തെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറോട് സമിതി ആരാഞ്ഞു. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ വജ്രവ്യവസായി നീരവ് മോദി നടത്തിയ 13,000 കോടി രൂപയുടെ തട്ടിപ്പ് ശ്രദ്ധയില്‍പ്പെടാതെ പോയത് കേന്ദ്രബാങ്കിന്റെ വലിയ വീഴ്ചയാണെന്ന് സമിതി അംഗങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.
ഓരോ ബാങ്കിന്റെയും എല്ലാ ശാഖകളിലും സാമ്പത്തിക പരിശോധന നടത്തുന്നതു പ്രായോഗികമല്ലെന്ന് ഉര്‍ജിത് പട്ടേല്‍ സമിതിക്ക് മറുപടി നല്‍കി. സമീപകാലത്ത് എടിഎമ്മുകളില്‍ പണമില്ലാതാവാനുള്ള കാരണം എന്തെന്നു സമിതി ചോദിച്ചു. ബാങ്കിങ് സംവിധാനം ശക്തമാവാന്‍ നടപടിയെടുക്കുമെന്നും ഭാവിയില്‍ ഇത്തരം പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സന്നദ്ധമാണെന്നുമായിരുന്നു ഈ ചോദ്യങ്ങളോട് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രതികരണം.
രാജ്യത്ത് 21 പൊതുമേഖലാ ബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്. 87,300 കോടി രൂപയാണു കഴിഞ്ഞ സാമ്പത്തികവര്‍ഷം ഈ ബാങ്കുകള്‍ നേരിട്ട ആകെ നഷ്ടം. പൊതു മേഖലാ ബാങ്കുകളില്‍ വിജയ ബാങ്ക് ഇന്ത്യന്‍ ബാങ്ക് എന്നിവയ്ക്കു മാത്രമാണ് 2017-18 സാമ്പത്തികവര്‍ഷം ലാഭമുണ്ടാക്കാന്‍ സാധിച്ചത്്. ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തി 2017 ഡിസംബര്‍ അവസാനത്തോടെ 8.31 ലക്ഷം കോടിയിലെത്തിനില്‍ക്കുകയും ചെയ്തിരുന്നു. കിട്ടാക്കടങ്ങള്‍ ബാങ്കിങ് മേഖലയില്‍ ഉണ്ടാക്കുന്ന ആഘാതത്തെ തരണംചെയ്യാനുള്ള നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുള്ളതായി പട്ടേല്‍ സമിതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it