പൊതുമേഖലയിലെ പ്രതിസന്ധി



എസ് സീതിലാല്‍

ആഗോളവല്‍ക്കരണ സാമ്പത്തികനയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്ത് സ്വകാര്യ മൂലധനം വളര്‍ത്തുക എന്നതാണ്. ഏതു സര്‍ക്കാര്‍ ഭരണത്തില്‍ വന്നാലും മൂലധനശക്തികള്‍ക്ക് അനുകൂലമായ സമീപനമേ സ്വീകരിക്കുകയുള്ളൂ എന്നത് കേരളത്തിലെ മുമ്പത്തെയും ഇപ്പോഴത്തെയും മന്ത്രിസഭകളുടെ സമീപനങ്ങള്‍ തെളിയിക്കുന്നുണ്ട്.സ്വകാര്യവല്‍ക്കരണ അജണ്ട ഏറ്റവും ആദ്യം നടപ്പാക്കണമെന്ന് നിര്‍ദേശിക്കപ്പെട്ട മേഖലയാണ് വൈദ്യുതിയുടേത്. ഇന്ത്യയില്‍ ആദ്യമായി വൈദ്യുതിരംഗം സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചത് ഒഡീഷയിലായിരുന്നു. പശ്ചിമബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതേ വഴി പിന്തുടര്‍ന്നു. കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വൈദ്യുതി ബോര്‍ഡ് കമ്പനിവല്‍ക്കരിക്കുകയെന്ന അജണ്ട ഇടതുമുന്നണിക്കും കോണ്‍ഗ്രസ് മുന്നണിക്കും ഒരേപോലെ സ്വീകാര്യമായതായിരുന്നു. താരതമ്യേന മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങുന്നത്. വൈദ്യുതി ബോര്‍ഡിന്റെ അധികാരങ്ങളെല്ലാം റഗുലേറ്ററി കമ്മീഷന് കൈമാറി. മുമ്പ് ഇലക്ട്രിസിറ്റി സപ്ലൈ ആക്ട് അനുസരിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബോര്‍ഡ് റഗുലേറ്ററി കമ്മീഷന്റെ വരവോടെ അപ്രസക്തമായി. താരിഫ് നിശ്ചയിക്കല്‍, ജീവനക്കാരുടെ എണ്ണം നിജപ്പെടുത്തല്‍, സേവന-വേതന വ്യവസ്ഥകള്‍ തീര്‍ച്ചപ്പെടുത്തല്‍, സ്വകാര്യ ഏജന്‍സികള്‍ക്കു ലൈസന്‍സ് നല്‍കല്‍ തുടങ്ങി എല്ലാ അധികാരങ്ങളും റഗുലേറ്ററി കമ്മീഷനിലായി. റഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെ വൈദ്യുതി ബോര്‍ഡിന് ഒരു തീരുമാനവും സ്വന്തമായി എടുക്കാനാവില്ല എന്ന സ്ഥിതിയുണ്ടായി. മുമ്പ് സ്വതന്ത്ര സ്വഭാവം ഉണ്ടായിരുന്ന ബോര്‍ഡിന് ജനങ്ങളെ ബാധിക്കുന്ന നയപരമായ പ്രശ്‌നങ്ങളിലൊഴികെ മറ്റു കാര്യങ്ങളിലെല്ലാം തീരുമാനമെടുക്കാമായിരുന്നു. ഇപ്പോള്‍ താരിഫ് വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നില്ലെങ്കില്‍ താരിഫില്‍ കുറവു വരുത്താന്‍ റഗുലേറ്ററി കമ്മീഷന് സാധിക്കില്ല. ഇക്കാരണത്താല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ലഭിക്കുന്നില്ല. സേവന-വേതന വ്യവസ്ഥകളുടെ കാര്യത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ട് അനുസരിച്ചാണ് മുമ്പ് തൊഴിലാളികളുമായി കരാറുകള്‍ രൂപപ്പെടുത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ റഗുലേറ്ററി കമ്മീഷന്‍ അനുവദിച്ചാലേ കരാറുകള്‍ക്ക് പ്രാബല്യമുള്ളൂ. ഇക്കാര്യങ്ങളിലെല്ലാം പ്രധാനപ്പെട്ട യൂനിയനുകളായ സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി എന്നിവ ഗവണ്‍മെന്റിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.  വലിയ യൂനിയനുകള്‍ സ്വകാര്യവല്‍ക്കരണ അജണ്ടയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. കേന്ദ്രനിയമം ആയതുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും സ്വകാര്യവല്‍ക്കരിക്കാതെ നോക്കാമെന്നുമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്നു നല്‍കിയ മറുപടി.കമ്പനിവല്‍ക്കരണത്തിന്റെ ദുരനുഭവങ്ങള്‍ ഇതിനകം തന്നെ തൊഴിലാളികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. സേവന-വേതന വ്യവസ്ഥകളില്‍ യാതൊരു മെച്ചവും തൊഴിലാളികള്‍ക്കു ലഭിക്കാതെയായി. ജോലിഭാരം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്നാണ് റഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശം. പുതിയ റിക്രൂട്ട്‌മെന്റുകള്‍ അപൂര്‍വമായി. ഇതോടൊപ്പം സ്വകാര്യ വൈദ്യുത നിലയങ്ങളില്‍നിന്നുള്ള വൈദ്യുതി വാങ്ങി ഉപയോഗിക്കുന്നതിന് ഇവിടത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനും റഗുലേറ്ററി കമ്മീഷന്‍ അനുവാദം കൊടുത്തു. കെഎംഎംഎല്‍, മലബാര്‍ സിമന്റ്‌സ് തുടങ്ങി മുന്‍നിരയിലുള്ള 15 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സ്വകാര്യ വൈദ്യുതനിലയങ്ങളില്‍നിന്നുള്ള വൈദ്യുതി ഉപയോഗിക്കാം. സര്‍ക്കാര്‍ വൈദ്യുതിക്കമ്പനിയുടെ ലൈനുകള്‍ തന്നെ ഇതിനായി ഇവര്‍ക്ക് ഉപയോഗപ്പെടുത്താം. റഗുലേറ്ററി കമ്മീഷന്‍ അവര്‍ക്കുള്ള താരിഫ് കുറച്ചുനല്‍കുന്നതിനും തയ്യാറായി. അക്കൗണ്ടന്റ് ജനറല്‍ തയ്യാറാക്കിയ ഓഡിറ്റ് റിപോര്‍ട്ട് അനുസരിച്ച് വൈദ്യുതിക്കമ്പനി 500 കോടി രൂപ ലാഭത്തിലാണെന്നാണ് കണക്ക്. എന്നാല്‍ റഗുലേറ്ററി കമ്മീഷന്റെ കണക്കനുസരിച്ച് നഷ്ടത്തിലാണ്. ജനങ്ങള്‍ക്കു മേല്‍ വലിയ ഭാരം അടിച്ചേല്‍പിക്കാനാണ് റഗുലേറ്ററി കമ്മീഷന്‍ ശ്രമിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസി ഏതുനിമിഷവും അടച്ചുപൂട്ടപ്പെടും എന്ന ഭീഷണിയിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ കൈയൊഴിയുന്ന ഈ പൊതുമേഖലാ സ്ഥാപനം ജീവനക്കാരെ പിരിച്ചുവിടാനുള്ള മാര്‍ഗമാണ് അന്വേഷിക്കുന്നത്. സേവനമേഖലയെന്ന മാനദണ്ഡത്തിനു പകരം ലാഭം കൊയ്യേണ്ടുന്ന വ്യവസായമെന്ന പരിഗണനയോടെ സമീപിക്കുന്നതുകൊണ്ടാണ് കെഎസ്ആര്‍ടിസിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. യഥാര്‍ഥത്തില്‍ ഗതാഗത—മേഖലയില്‍ സ്വകാര്യമേഖലയെ വളര്‍ത്താനുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. കേരളത്തിനു പുറത്ത് ഗതാഗതസൗകര്യം നല്‍കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ സംസ്ഥാന സര്‍ക്കാരുകളാണ് നല്‍കുന്നത്. സാമൂഹിക സംരക്ഷണമായാണ് ഇതിനെ അവര്‍ കാണുന്നത്. കേരളത്തില്‍ പകുതി പെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കാമെന്നാണ് ഒടുവിലുണ്ടായ ധാരണ. സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും പിടിപ്പുകേടും കെടുകാര്യസ്ഥതയും അഴിമതിയുമാണ് കെഎസ്ആര്‍ടിസിയെ കട്ടപ്പുറത്താക്കുന്നത്. സര്‍ക്കാരിന് പൊതു ഗതാഗതമേഖല ശക്തിപ്പെടുത്തണമെന്ന കാഴ്ചപ്പാടില്ല. പൊതു ഗതാഗതസംവിധാനം ശക്തിപ്പെട്ടാല്‍ ഇന്നു കേരളത്തിലെ ഗതാഗതരംഗത്തെ നിരവധി പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാവും. അനിയന്ത്രിതമായ സ്വകാര്യ വാഹനങ്ങളുടെ പെരുപ്പം, അതുണ്ടാക്കുന്ന ഗതാഗതക്കുരുക്ക്, മലിനീകരണം, അപകടങ്ങളുടെ പെരുപ്പം, ഇന്ധന ദുര്‍വ്യയം തുടങ്ങിയവയ്‌ക്കെല്ലാം ഇതിലൂടെ പരിഹാരം കാണാനാവും. പൊതു ഗതാഗതസംവിധാനത്തിന്റെ അപര്യാപ്തതമൂലം സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവുന്നുണ്ട്. കെഎസ്ആര്‍ടിസിയുടെ വരുമാനത്തിന്റെ 25 ശതമാനവും വായ്പ തിരിച്ചടവിനാണ് ചെലവഴിക്കപ്പെടുന്നത്. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കെടിഡിഎഫ്‌സിയില്‍നിന്നാണ് 15 ശതമാനം പലിശനിരക്കില്‍ വായ്പയെടുത്തത്. സ്വകാര്യ സംരംഭകര്‍ക്ക് കെടിഡിഎഫ്‌സി 10 ശതമാനം പലിശനിരക്കിലാണ് വായ്പ നല്‍കുന്നത് എന്നതും ഓര്‍ക്കണം. ഇതിനായി വരുമാനമുള്ള 60ലേറെ ഡിപ്പോകള്‍ പണയംവച്ചിരിക്കയാണ്. വന്‍തുക ചെലവഴിച്ച് തിരുവനന്തപുരത്തും കോഴിക്കോട്ടും നഗരഹൃദയത്തില്‍ പണിതീര്‍ത്ത ഷോപ്പിങ് കോംപ്ലക്‌സുകളിലെ നാലിലൊന്ന് മുറികള്‍ പോലും ലേലത്തില്‍ പോയിട്ടില്ല. കെടുകാര്യസ്ഥതകൊണ്ട് കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതോടൊപ്പമാണ് കെഎസ്ആര്‍ടിസി മാത്രം സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന റൂട്ടുകളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് അനുമതി നല്‍കുന്ന നടപടി. ഘട്ടംഘട്ടമായി ഈ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി മാത്രം സര്‍വീസ് നടത്തുന്ന സ്ഥിതി രൂപപ്പെടുത്തിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കുക എളുപ്പമല്ല. സമാന്തര സര്‍വീസുകള്‍ നിയന്ത്രിക്കാനുള്ള നടപടി വേണം. അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ പോലും സ്വകാര്യ വാഹനങ്ങളുടെ കടന്നുകയറ്റം പ്രബലമായിക്കഴിഞ്ഞു. 40 ശതമാനത്തോളം എം-പാനല്‍ ജീവനക്കാരാണ് കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ 6000 പേരെ ഉടന്‍ പിരിച്ചുവിടാനാണ് പദ്ധതി. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയെക്കുറിച്ചു പഠിച്ച് റിപോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയ പ്രഫ. സുശീല്‍ഖന്നയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അടുത്തിടെ പ്രഖ്യാപിക്കുകയുണ്ടായി. ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് യാതൊരു മടിയും ഉണ്ടായില്ല എന്നതാണ് വിസ്മയകരമായ സംഗതി. ചുരുക്കത്തില്‍, കേരളത്തിലെ പ്രബലമായ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളും ആഗോളവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ അജണ്ട നടപ്പാക്കാനുള്ള ലക്ഷ്യങ്ങളായി ഇതിനകം സര്‍ക്കാര്‍ നിശ്ചയിച്ചുകഴിഞ്ഞു. ഇതിനെതിരേ തൊഴിലാളികളും ജനങ്ങളും യോജിച്ച് സമരരംഗത്തിറങ്ങേണ്ടതുണ്ട്.                                                 (എഐയുടിയുസി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് ലേഖകന്‍.) (കടപ്പാട്: ജനശക്തി, 2017 മെയ് 1)
Next Story

RELATED STORIES

Share it