പൊതുമുതല്‍ ദുര്‍വിനിയോഗം: നെതന്യാഹുവിന്റെ ഭാര്യയെ ചോദ്യംചെയ്തു

ജെറുസലേം: പൊതുമുതല്‍ സ്വകാര്യാവശ്യങ്ങള്‍ക്ക് വിനിയോഗിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹുവിനെ പോലിസ് ചോദ്യംചെയ്തു.
തീരദേശനഗരമായ കിസാരിയയിലെ വീട്ടിലേക്കു ഫര്‍ണിച്ചര്‍ വാങ്ങാന്‍ പൊതുമുതല്‍ വിനിയോഗിച്ചെന്നാണു പരാതി. തലസ്ഥാനമായ തെല്‍അവീവിലെ പോലിസ് ആസ്ഥാനത്തു വിളിച്ചുവരുത്തിയാണ് ഇവരെ ചോദ്യംചെയ്തത്. ഇസ്രായേലില്‍ പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്യുന്നതിന് അന്വേഷണം നേരിടുന്ന ആദ്യവനിതയാണ് സാറ നെതന്യാഹു. നെതന്യാഹു പ്രസിഡന്റായിരിക്കെ പൊതുമുതല്‍ ഉപയോഗിച്ച് ഇവരുടെ പിതാവിനുവേണ്ടി കാര്‍ വാങ്ങിയെന്ന് ഇവര്‍ക്കെതിരേ നേരത്തേ ആരോപണമുയര്‍ന്നിരുന്നു.
നെതന്യാഹു-സാറ ദമ്പതികള്‍ പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന ഔദ്യോഗിക റിപോര്‍ട്ടിനെത്തുടര്‍ന്നാണ് അന്വേഷണം. തന്റെ വളര്‍ത്തുനായയുടെ ഭക്ഷണച്ചെലവ് പൊതുഖജനാവില്‍ നിന്ന് വിനിയോഗിക്കാന്‍ നെതന്യാഹു നിര്‍ദേശം നല്‍കിയതായി കഴിഞ്ഞയാഴ്ച ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ആരോപണം പ്രതിപക്ഷം കെട്ടിച്ചമച്ചതാണെന്നും മാധ്യമവേട്ടയുടെ ഇരയാണ് തങ്ങളെന്നും നെതന്യാഹു പ്രതികരിച്ചു.
Next Story

RELATED STORIES

Share it