പൊതുമരാമത്ത് വകുപ്പിലെ അഴിമതി: വിജിലന്‍സ് റിപോര്‍ട്ട് മുക്കി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനുകീഴിലെ കരാര്‍ പണികള്‍ക്കും സ്ഥലംമാറ്റത്തിനുമായി മന്ത്രിമാരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും കോടികള്‍ കൈക്കൂലി കൈപ്പറ്റിയെന്ന് ആരോപണം. വിജിലന്‍സ് ഡയറക്ടറുടെ അന്വേഷണ റിപോര്‍ട്ട് ആഭ്യന്തരവകുപ്പ് പൂഴ്ത്തി. കഴിഞ്ഞദിവസം ചില മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
റോഡുപണി, സ്ഥലംമാറ്റം എന്നിവയുടെ പേരില്‍ മരാമത്ത്, ധനവകുപ്പ് മന്ത്രിമാര്‍ കോടികള്‍ കൈക്കൂലി വാങ്ങി. പൊതുമരാമത്ത് മന്ത്രി, ധനമന്ത്രി, ഇരുവകുപ്പുകളുടെയും സെക്രട്ടറിമാര്‍, ചീഫ് എന്‍ജിനീയര്‍ എന്നിവരാണ് കരാറുകാരുമായി കോടികളുടെ അഴിമതിയില്‍ ഏര്‍പ്പെട്ടത്. എങ്ങനെയാണ് അഴിമതി നടത്തിയതെന്നു വിശദമാക്കുന്ന റിപോര്‍ട്ടില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ വേട്ടയാടുന്നതായും പറയുന്നു.
കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിന് വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം പോള്‍ റിപോര്‍ട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നല്‍കി. ഫയലിന്‍മേല്‍ അടിയന്തര അന്വേഷണത്തിന് ആദ്യം എഴുതിയെങ്കിലും പിന്നീട് ഫയല്‍ മടക്കിവിളിച്ചു. പിന്നീട് ഈ റിപോര്‍ട്ട് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനു തന്നെ നല്‍കി.
അതേസമയം, പൊതുമരാമത്ത് വകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് യുഡിഎഫ് മന്ത്രിമാര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ബാര്‍ കോഴ കേസിന് പുറമെ മരാമത്ത് അഴിമതിക്കേസിനെക്കുറിച്ചും മിണ്ടാതിരിക്കാനാണ് വിന്‍സണ്‍ എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കിയത്. അഴിമതിയില്‍ പ്രതിയായ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരേയുള്ള റിപോര്‍ട്ട് ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇബ്രാഹിംകുഞ്ഞിനു തന്നെ കൈമാറി.
റോഡിന്റെയും പാലത്തിന്റെയും പേരില്‍ ഊറ്റംകൊള്ളുന്നവര്‍ വന്‍ തീവെട്ടിക്കൊള്ളയാണ് ഇക്കാര്യത്തില്‍ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it