Alappuzha local

പൊതുമരാമത്ത് വകുപ്പിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ചേര്‍ത്തല:  പൊതുമരാമത്ത് വകുപ്പിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.  തണ്ണീര്‍മുക്കം റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന് പൊതുമരാമത്ത് നിരത്ത് വിഭാഗം മുന്നൊരുക്കങ്ങള്‍ എടുക്കാത്തതും കാലതാമസം വരുത്തിയതും കാണിച്ചുമാണ്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്.
പൊതുപ്രവര്‍ത്തകനായ വേളോര്‍വട്ടം ശശികുമാര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍മേലാണ് കേസ്.  ഇതിന്റെ സിറ്റിങ്  തിങ്കളാഴ്ച ഗവ. ഗസ്റ്റ് ഹൗസില്‍ ചേരും. കാളികുളം, പഞ്ചായത്ത് കവല, വാരനാട് കവല എന്നിവിടങ്ങളിലെ ബസ്‌വേയുടെ വികസനവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ പോസ്റ്റ്, ടെലിഫോണ്‍ പോസ്റ്റ്, പാഴ് വൃക്ഷങ്ങള്‍, അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനും നടപടിയായിട്ടില്ല. കുണ്ടുവളവില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതും ശരിയാക്കിയിട്ടില്ല. കഴിഞ്ഞ നാല് മാസമായി പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് പണികള്‍ തുടങ്ങിയെങ്കിലും ഇതുവരെയും 50 ശതമാനം പണികള്‍ പോലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം മുല്ലപ്പള്ളി ജങ്ഷന്‍ മുതല്‍ വെള്ളിയാകുളം കൃഷിഭവന്‍ വരെ രണ്ട് കിലോമീറ്റര്‍ ടാര്‍ ചെയ്തതൊഴിച്ചാല്‍ ഇപ്പോഴും റോഡ് സഞ്ചാരയോഗ്യമല്ലാത്ത വിധം തകര്‍ന്ന് കിടക്കുകയാണ്. കട്ടച്ചിറ പാലം മുതല്‍ ഒരു കിലോമീറ്റര്‍ കയര്‍ ഭൂവസ്ത്രം വിരിക്കേണ്ടതുണ്ട്.
റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ചേര്‍ത്തല താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി മുമ്പാകെ  പരാതി നല്‍കിയിട്ടുണ്ട്. എതിര്‍കക്ഷികളായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സി. എന്‍ജിനീയര്‍, വാട്ടര്‍ അതോറിറ്റി എക്‌സി. എന്‍ജിനീയര്‍, കെഎസ്ഇബി എക്‌സി.എന്‍ജിനീയര്‍, സബ് ഡിവിഷന്‍ എന്‍ജിനീയര്‍, ടെലിഫോണ്‍സ് സര്‍വേ വിഭാഗം, ഡെപ്യൂട്ടി തഹസില്‍ദാരെയും കക്ഷിചേര്‍ത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it