പൊതുമരാമത്ത് റോഡുകള്‍ അടുത്ത 15നകം അറ്റകുറ്റപ്പണി നടത്തണം

തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നു മന്ത്രി സുധാകരന്‍. ആഗസ്ത് 15നുള്ളില്‍ ഓരോ സെക്ഷനും അതിന്റെ കീഴിലുള്ള റോഡുകള്‍ ഗതാഗതയോഗ്യമാക്കിയെന്ന് ഉറപ്പുവരുത്തണം. മഴ പെയ്യുന്ന ദിവസങ്ങള്‍ കണക്കാക്കി അത്രയും ദിവസങ്ങള്‍ ആഗസ്ത് 15ന് ശേഷം അനുവദിക്കും. ഗുരുതരമായി വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരില്‍ കര്‍ശനമായ പരിശോധനയും നടപടിയുമുണ്ടാവും. അച്ചടക്കനടപടിയിലൂടെ ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ കഴിയുമെന്നു സര്‍ക്കാര്‍ കരുതുന്നില്ല. അധ്വാനവും അര്‍പ്പണബോധവുമാണ് ആവശ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി വിദഗ്ധന്‍മാര്‍ അടക്കമുള്ള സോഷ്യല്‍ ഓഡിറ്റിങ് കമ്മിറ്റിയെ 14 ജില്ലകളിലും വച്ചിട്ടുണ്ട്. ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് ഈ കമ്മിറ്റിക്ക് റോഡുകള്‍ പരിശോധിക്കാവുന്നതും സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കാവുന്നതുമാണെന്നു മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വിഭാഗത്തിലുള്ള ഒരു സെക്ഷനിലും റോഡുകള്‍ യാത്രയോഗ്യമല്ലാതായി കിടക്കരുതെന്നു സര്‍ക്കാര്‍ കാലേ കൂട്ടി തന്നെ മരാമത്ത് എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it