Alappuzha local

പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തില്‍ റോഡ് തകര്‍ന്നടിഞ്ഞു

അമ്പലപ്പുഴ: പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ മണ്ഡലത്തില്‍ റോഡ് തകര്‍ന്നടിഞ്ഞു. ഈ റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ട് 4 പതിറ്റാണ്ട് പിന്നിടുകയാണ്.  ദേശീയപാതയില്‍ നീര്‍ക്കുന്നം ജങ്ഷന് കിഴക്കോട്ട് കൃഷിഭവന്‍ വരെയുള്ള റോഡാണ് തകര്‍ന്നു കിടക്കുന്നത്. ഒരു കിലോമീറ്ററിലധികം ദൂരമുള്ള ഈ റോഡ് അവിഭക്ത അമ്പലപ്പുഴ പഞ്ചായത്തിലെ ആദ്യ റോഡാണ്. ഏകദേശം 65 വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ റോഡ് 3 വര്‍ഷം മുമ്പ് 200 മീറ്റര്‍ ഗ്രാമപ്പഞ്ചായത്ത് ഏഴരലക്ഷം രൂപ ചെലവില്‍ ടാര്‍ ചെയ്തിരുന്നു. ശേഷിക്കുന്ന കിഴക്കോട്ടുള്ള ഭാഗം കാല്‍നട യാത്രയ്ക്കു പോലും സാധിക്കാത്ത രീതിയില്‍ തകര്‍ന്നടിഞ്ഞ നിലയിലാണ്. വി ദിനകരന്‍ എംഎല്‍എ ആയിരുന്ന കാലത്താണ് റോഡ് പൂര്‍ണമായും ടാര്‍ ചെയ്തത്. തകര്‍ന്നടിഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കാന്‍ ത്രിതല പഞ്ചായത്തുകളുടെ വികസന ഫണ്ട് തികയില്ല. ഇതിന് എം എല്‍എ ഫണ്ടില്‍ ഉള്‍പ്പെടുത്തി റോഡ് ടാര്‍ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്ന് തവണ മണ്ഡലത്തിലെ എംഎല്‍എ ആയിട്ടും പ്രധാനപ്പെട്ട ഈ റോഡ് ഗതാഗതയോഗ്യമാക്കാന്‍ ജി സുധാകരനു കഴിഞ്ഞില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.  ഈ റോഡിന് സമീപം പ്രധാനപ്പെട്ട നാലു പാടശേഖരങ്ങളുമുണ്ട്. ഇത് കൂടാതെ കൃഷിഭവനും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷിഭവനില്‍ നിന്ന് കര്‍ഷകര്‍ക്കാവശ്യമായ സാധനങ്ങള്‍ കൊണ്ടു പോവാനോ പാടശേഖരത്തു നിന്ന് നെല്ല് കൊണ്ടുപോകാനോ ഇപ്പോള്‍ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. 12 മീറ്ററോളം ഉണ്ടായിരുന്ന തോട് കൈയേറിയതുമൂലം നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. കൈയേറ്റം ഒഴിപ്പിച്ച് റോഡ് വീതി കൂട്ടിയ ശേഷം ടാര്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പല ഫണ്ടുകളും റോഡ് വികസനത്തിനായി അനുവദിച്ചെന്ന് പ്രഖ്യാപിക്കുന്നതല്ലാതെ റോഡുവികസനം ഇതുവരെ യാഥാര്‍ഥ്യമായില്ല. അടിയന്തരമായി റോഡ് ടാര്‍ചെയ്യാന്‍ മന്ത്രി ജി സുധാകരന്‍ മുന്‍കൈയെടുക്കണമെന്ന ജനകീയ ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it