പൊതുമരാമത്ത് ടെന്‍ഡര്‍: 50 ശതമാനം ട്രഷറി ഗാരന്റി വേണമെന്നു നിര്‍ബന്ധിക്കരുത്‌

കൊച്ചി: പൊതുമരാമത്ത് ജോലികളുടെ ടെന്‍ഡര്‍ പരിഗണിക്കാന്‍ പെര്‍ഫോമന്‍സ് ഗാരന്റി എന്ന നിലയില്‍ 50 ശതമാനം ട്രഷറി ഗാരന്റി വേണമെന്നു സര്‍ക്കാര്‍ നിര്‍ബന്ധിക്കരുതെന്നു ഹൈക്കോടതി. പൊതുമരാമത്തു ജോലിക്കു കരാര്‍ നല്‍കണമെങ്കില്‍ 50 ശതമാനം വീതം ബാങ്ക് ഗാരന്റിയും ട്രഷറി ഗാരന്റിയും ഉണ്ടായിരിക്കണമെന്ന നിബന്ധന ചോദ്യംചെയ്തു കണ്ണൂര്‍ കേളകം സ്വദേശി ജോസഫ് വേലുപുഴക്കല്‍ നല്‍കിയ ഹരജി തീര്‍പ്പാക്കിയാണു ഹൈക്കോടതി ഉത്തരവ്. തൃപ്തികരമായി ചെയ്തുതീര്‍ത്ത ജോലികള്‍ക്കു ചെലവഴിച്ച തുക കരാറുകാര്‍ക്കു സര്‍ക്കാര്‍ നല്‍കാനിരിക്കെ ഇത്തരമൊരു നിബന്ധന അടിച്ചേല്‍പ്പിക്കുന്നതിനു കാരണമില്ല.
50 ശതമാനം ബാങ്ക് ഗാരന്റിയുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ കരാറില്‍ സര്‍ക്കാ ര്‍ ഒപ്പുവയ്ക്കണമെന്നും കോടതി വ്യക്തമാക്കി. ചെയ്തുതീര്‍ത്ത ജോലികളുടെ ബില്ല് പാസാക്കി നല്‍കാന്‍ കാലതാമസം നേരിടുന്നതായും ഈ സാഹചര്യത്തില്‍ പുതിയ ജോലി ഏറ്റെടുക്കാന്‍ ബാങ്ക് ഗാരന്റി നല്‍കാന്‍ തയ്യാറാണെന്നും ട്രഷറി ഗാരന്റി ഒഴിവാക്കി നല്‍കണമെന്നുമാവശ്യപ്പെട്ടാണു ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. ബാങ്ക് ഗാരന്റിയിലൂടെ തന്നെ സര്‍ക്കാരിനു നഷ്ടമായ തുക ഈടാക്കാമെന്നിരിക്കെ ട്രഷറി ഗാരന്റി നിര്‍ബന്ധിക്കുന്നതിനു കാരണമില്ലെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it