പൊതുപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: മുളന്തുരുത്തി എസ്‌ഐ ജനമൈത്രി പോലിസല്ല, ജനശത്രു പോലിസാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പോലിസ് അറസ്റ്റ് ചെയ്ത ഉദയംപേരൂര്‍ സ്വദേശിയായ സേതുവിനെ ജാമ്യത്തിലിറക്കാന്‍ ചെന്ന ഉദയംപേരൂര്‍ സ്വദേശി പി എസ് ജോബിഷിനെ മര്‍ദിച്ച മുളന്തുരുത്തി എസ്‌ഐക്കെതിരേ ഉന്നതതല അന്വേഷണത്തിനു കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ ജസ്റ്റിസ് പി മോഹനദാസ് ഉത്തരവിട്ടു. എറണാകുളം ജില്ലാ പോലിസ് മേധാവി ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച് അനേ്വഷണം നടത്തണമെന്നാണ് കമ്മീഷന്‍ ഉത്തരവ്. പള്ളിത്താഴം ജങ്ഷനില്‍ നടന്ന ഒരു സംഭവത്തില്‍ ഇക്കഴിഞ്ഞ 21നാണ് മുളന്തുരുത്തി പോലിസ് സേതുവിനെ അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് അംഗമായിരുന്ന ടി വി ഗോപിദാസിനൊപ്പമാണ് സേതുവിനെ ജാമ്യത്തിലിറക്കാന്‍ ജോബിഷ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയപ്പോള്‍ പോലിസ് മര്‍ദനത്തില്‍ അവശനായ സേതുവിനെയാണ് കണ്ടത്. ജാമ്യത്തില്‍ ഇറക്കാന്‍ വന്ന പൊതുപ്രവര്‍ത്തകരാണെന്ന് എസ്‌ഐയോട് പറഞ്ഞപ്പോള്‍ ഇവരുടെ മുന്നില്‍ വച്ച് സേതുവിനെ വീണ്ടും മര്‍ദിച്ചു. മര്‍ദിക്കരുതെന്ന് ജോബിഷ് പറഞ്ഞപ്പോള്‍ അദ്ദേഹത്തെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. എസ്‌ഐ അരുണ്‍ദേവും കോണ്‍സ്റ്റബിള്‍ ജയകുമാറും ചേര്‍ന്ന ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് ഭിത്തിയില്‍ ചാരിനിര്‍ത്തി കരണത്തടിച്ചു.  പരാതി ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിന്റെ നേര്‍ചിത്രമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ജാമ്യത്തിലിറക്കാന്‍ ചെന്ന പൊതുപ്രവര്‍ത്തകരെ വരെ മര്‍ദിച്ചു. പോലിസ് മാന്വല്‍ അനുസരിച്ച് മാന്യമായി പെരുമാറേണ്ടവരാണ് പോലിസുകാര്‍. പരാതിക്ക് കാരണക്കാരനായ എസ്‌ഐ ഇത്തരം പ്രവൃത്തികള്‍ മേലില്‍ ആവര്‍ത്തിക്കരുത്. മൂന്നാഴ്ചയ്ക്കകം ജില്ലാ പോലിസ് മേധാവി റിപോര്‍ട്ട് നല്‍കണമെന്നും പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it