kozhikode local

പൊതുപണിമുടക്ക്; ജില്ല സ്്തംഭിച്ചു

കോഴിക്കോട്: സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരേ നടന്ന പൊതുപണിമുടക്കില്‍ എല്ലാ വിഭാഗം തൊഴിലാളികളും പങ്കുചേര്‍ന്നു. ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. മറ്റു മേഖലകളിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കാളികളായതോടെ ജില്ല ഏതാണ്ട് നിശ്ചലമായി. പൊതുവാഹനങ്ങ ള്‍ നിരത്തിലിറങ്ങിയില്ല. കെഎസ്ആര്‍ടിസി ജീവനക്കാരും സമരത്തില്‍ പങ്കെടുത്തതിനാല്‍ സര്‍വീസ് നടത്താനായില്ല. പ്രധാന നിരത്തുകളിലും ഗ്രാമങ്ങളിലും ബൈക്ക് ഉള്‍പ്പടെയുള്ള സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി.
കോഴിക്കോട് നഗരത്തില്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകള്‍ അടഞ്ഞു കിടന്നു. പണിമുടക്ക് നേരത്തേ പ്രഖ്യാപിച്ചതിനാല്‍ അവിചാരിതമായി എത്തിപ്പെട്ട യാത്രക്കാരൊഴികെ പൊതുജനങ്ങള്‍ യാത്ര ഒഴിവാക്കി. കോഴിക്കോട് നഗരത്തിലെയും ജില്ലയിലെ മറ്റ് പ്രധാന നഗരങ്ങങ്ങളിലെയും മാര്‍ക്കറ്റുകളും വിജനമായിരുന്നു. കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ യാത്രക്കാരെ പോലിസ് ബസ്സുകളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചു. ജില്ലയുടെ പ്രധാന കേന്ദ്രങ്ങളില്‍ പണിമുടക്കം ശക്തമായിരുന്നെങ്കിലും ഗ്രാമങ്ങളില്‍ ആളുകള്‍ ഒരു ഒഴിവ് ദിവസം കിട്ടിയതിന്റെ മൂഡിലായിരുന്നു.
ഗ്രാമങ്ങളിലെ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. ഗ്രാമങ്ങളില്‍ പലയിടത്തുംബീഫ്ക്കടകളുള്‍പ്പടെ രാവിലെ തന്നെ സജീവമായിരുന്നു. ബീഫ് കടകളില്‍ മിക്കയിടത്തും രാവിലെ ഒമ്പതോടെ സ്റ്റോക്ക് തീര്‍ന്നു. സംഘടിത തൊഴിലാളി സംഘടനകളില്‍ അംഗങ്ങളല്ലാത്ത നാട്ടിന്‍പുറത്തെ തൊഴിലാളികള്‍ ഇന്നലെയും പതിവ് പോലെ പണിക്ക് പോയി. സാധാരണ തൊഴിലാളികളില്‍ കൂടുതല്‍ പേരും വര്‍ക്ക് സൈറ്റിലേക്ക്് പോവുന്നത് സ്വന്തം ബൈക്കിലായതിനാല്‍ പൊതു വാഹനങ്ങളില്ലാത്തത് അവരെ ബാധിച്ചില്ല. അന്യസംസ്ഥാന തൊഴിലാളികളില്‍ നല്ലൊരു ശതമാനത്തിനും ഇന്നലെ വര്‍ക്കുണ്ടായിരുന്നു.
ഹര്‍ത്താല്‍ ഞായറാഴ്ച രാത്രി 12 മുതല്‍ ഇന്നലെ രാത്രി 12 വരെ ആയിരുന്നുവെങ്കിലും നഗരത്തില്‍ പലയിടത്തും വൈകിട്ടോടെ പെട്ടിക്കടക്കാരും വഴിവാണിഭക്കാരും സജീവമായി. മിഠായിത്തെരുവില്‍ ഡസനോളം കടകളും നിരവധി വഴിവാണിഭക്കാരും വൈകിട്ടോടെ കച്ചവടം ആരംഭിച്ചു. ബീച്ചിലെ പെട്ടിക്കടക്കാരും ഉച്ചതിരിഞ്ഞതോടെ തുറന്ന് പ്രവര്‍ത്തിച്ചു.
Next Story

RELATED STORIES

Share it