പൊതുനിരത്തിലെ പരസ്യ ബോര്‍ഡുകള്‍30നകം നീക്കം ചെയ്തില്ലെങ്കില്‍ കര്‍ശന നടപടി

കെ പി റയീസ്

വടകര: പൊതുനിരത്തിലെ പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, കൊടികള്‍ എന്നിവ ഈ മാസം 30നകം നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിക്കും ഫീല്‍ഡ് സ്റ്റാഫിനുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.
കഴിഞ്ഞ 23ന് പൊതുനിരത്തിലെ ഫഌക്‌സ് ബോര്‍ഡുകളും മറ്റും നീക്കം ചെയ്യുന്നത് സംബന്ധിച്ചു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. ആലപ്പുഴ ജില്ലയിലെ സെന്റ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്കാ ചര്‍ച്ചിനു മുന്നില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ എടുത്തുമാറ്റാത്ത അധികൃതരുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയായി രുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
ഈ കേസ് പരിഗരണിക്കുന്നതിനിടെ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇതു നടപ്പാക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് അഡീഷനല്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനുള്ള ചെലവും ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരേ ചുമത്തേണ്ട പിഴയും അവരില്‍ നിന്ന് ഈടാക്കേണ്ട പരസ്യ നികുതിയും ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്ന് ഈടാക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
ഇത്തരത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പരസ്യ ബോര്‍ഡുകളും 30നകം നീക്കം ചെയ്ത റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണം. കൂടാതെ, മേല്‍നോട്ടം വഹിക്കുന്നതിനായി പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്‍പറേഷന്‍ ഡയറക്ടറേറ്റില്‍ നിന്നു നിയോഗിച്ചിട്ടുള്ള നോഡല്‍ ഓഫിസര്‍ക്ക് ഏതെങ്കിലും തദ്ദേശ സ്ഥാപന അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നില്ലായെന്ന് ആരോപിച്ചുകൊണ്ട് പൊതുജനങ്ങളില്‍ നിന്നു വരുന്ന പരാതികള്‍ സ്വീകരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.
അതേസമയം, ബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള പുതിയ ഉത്തരവ് നടപ്പാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെയും കൂച്ചുവിലങ്ങ്. പലയിടങ്ങളിലും ഉത്തരവു പ്രകാരം ഫഌക്‌സുകള്‍ നീക്കം ചെയ്യാനായി പോവുമ്പോള്‍ ഇവരെ തടയുന്ന സമീപനമാണ് ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ഇതുമൂലം വെട്ടിലായത് ഉദ്യോഗസ്ഥരാണ്.
പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ നീക്കം ചെയ്യേണ്ടതില്ലെന്നും മറ്റു ബോര്‍ഡുകള്‍ നീക്കം ചെയ്താല്‍ മതിയെന്നുമുള്ള സമീപനമാണ് ജനപ്രതിനിധികളില്‍ നിന്നുണ്ടാവുന്നതത്. ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ചു വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളോട് ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്കെതിരേ വിവിധ പാര്‍ട്ടിയില്‍പ്പെട്ട നേതാക്കള്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ ബോര്‍ഡ് എടുത്തുമാറ്റാന്‍ പാടില്ലെന്നും ഇങ്ങനെ പല ഉത്തരവുകളും ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതൊന്നും ഇതേവരെ നടപ്പാക്കിയില്ലെന്നുമുള്ള നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചത്. മുനിസിപ്പല്‍ ആക്റ്റ് പ്രകാരം ഇത്തരം ഉത്തരവ് നടപ്പാക്കാന്‍ നോട്ടീസ് പോലും നല്‍കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക സമിതി രൂപീകരിച്ച് ബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചിരിക്കുകയാണ്. 2007ലെ കേരള റോഡ് സേഫ്റ്റി ആക്റ്റ് പ്രകാരം കലക്ടര്‍മാരിലും ജില്ലാ പോലിസ് സൂപ്രണ്ടുമാരിലും നിക്ഷിപ്തമായിട്ടുള്ള അധികാരം വിനിയോഗിച്ച് ജില്ലാ കലക്ടര്‍മാരും പോലിസ് സൂപ്രണ്ടും ബോര്‍ഡുകള്‍ നീക്കം ചെയ്യാനായി സമയബന്ധിത നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Next Story

RELATED STORIES

Share it