പൊതുജനങ്ങള്‍ക്കു മികച്ച സേവനം ഉറപ്പാക്കണം: വൈസ് ചാന്‍സലര്‍

തേഞ്ഞിപ്പലം: പൊതുജനങ്ങള്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന ബോധ്യത്തോടെ ഉദ്യോഗസ്ഥര്‍ പെരുമാറണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍. ഉദ്യോഗാര്‍ഥികള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സംഘടിപ്പിച്ച സൗജന്യ പിഎസ്‌സി പരീക്ഷാ പരിശീലന പരിപാടിയുടെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സര്‍വീസില്‍ സേവനത്തിനാവണം മുന്‍ഗണന. തന്റെ മുന്നിലെത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഒരു ഫയല്‍ മറ്റൊരു സീറ്റിലേക്ക് വിടുന്നതോടെ സ്വന്തം ഉത്തരവാദിത്തം കഴിഞ്ഞുവെന്ന് വിചാരിക്കുന്നത് ശരിയല്ല.
അപേക്ഷകന്റെ ആവശ്യം സാക്ഷാല്‍ക്കരിച്ചു നല്‍കുന്നതോടെ മാത്രമേ ഉത്തരവാദിത്തം പൂര്‍ത്തിയാവുന്നുള്ളൂ എന്ന ചിന്ത ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.
അപേക്ഷകന് ഒരു സേവനം ലഭ്യമാക്കുന്നതിനായി എടുക്കാവുന്ന പരമാവധി ദിവസങ്ങളാണ് സേവനാവകാശ നിയമത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള കാലയളവ്. എന്നാല്‍, അത്രയും കാലം കഴിയാന്‍ കാത്തിരിക്കാതെ കഴിവതും അതത് ദിവസം തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
ചടങ്ങില്‍ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ചീഫ് ഡോ. സി സി ഹരിലാല്‍ അധ്യക്ഷത വഹിച്ചു. സര്‍വകലാശാലാ മുന്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ എം വി സക്കറിയ, ബിജോയ് പള്ളിക്കര, എന്‍ വി സമീറ, പി ഹരിഹരന്‍ സംസാരിച്ചു. മോഡല്‍ പരീക്ഷകളില്‍ ഉന്നത റാങ്ക് നേടിയവര്‍ക്ക് വൈസ് ചാന്‍സലര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.

Next Story

RELATED STORIES

Share it