Flash News

പൊതുജനങ്ങളെ അവഗണിച്ച ദേശീയ വനിതാ കമ്മീഷന്‍ സിറ്റിങില്‍ ദുരൂഹത



ആബിദ്  ചെറുവണ്ണൂര്‍

കോഴിക്കോട്: പൊതുജനങ്ങളില്‍ നിന്നു പരാതി സ്വീകരിക്കാന്‍ മതിയായ സമയം നീക്കിവയ്ക്കാതെ, ദേശീയ വനിതാ കമ്മീഷന്‍ സംസ്ഥാനത്ത് തിടുക്കത്തില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ദുരൂഹത. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി എറണാകുളത്തും കോഴിക്കോട്ടും തിരുവനന്തപുരത്തും സിറ്റിങ് നടത്തിയ കമ്മീഷനു നല്‍കാന്‍ നിരവധി സാധാരണക്കാ ര്‍ പരാതിയുമായി എത്തിയെങ്കിലും കോഴിക്കോട് ഒഴികെയുള്ള രണ്ടിടങ്ങളിലും ഇതിന് അവസരം ലഭിച്ചില്ല. കേരളത്തില്‍ നിര്‍ബന്ധ മതപരിവര്‍ത്തനം നടക്കുന്നുവെന്ന സംഘപരിവാര താല്‍പര്യത്തിനനുസരിച്ചുള്ള കൂടിക്കാഴ്ചകള്‍ നടത്തുന്നതിനാണ് കമ്മീഷന്‍ അധികസമയവും വിനിയോഗിച്ചത്. കമ്മീഷന്‍ സിറ്റിങുകളുടെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ തിടുക്കത്തിലയിരുന്നു ദേശീയ വനിതാ കമ്മീഷ ന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ സന്ദര്‍ശനം. മാധ്യമങ്ങളെയോ പൊതുജനങ്ങളെയോ സംസ്ഥാന വനിതാ കമ്മീഷനെയോ സന്ദര്‍ശന വിവരം മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. ആദ്യ ദിവസം എറണാകുളത്ത് പേരിനു മാത്രം സിറ്റിങ് നടത്തിയ ശേഷം വൈക്കത്ത് ഹാദിയയെ സന്ദര്‍ശിക്കുകയായിരുന്നു കമ്മീഷന്‍. ഇന്നലെ തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിവിധ ജില്ലകളില്‍ നിന്ന് പരാതിക്കാര്‍ എത്തിയെങ്കിലും അവരെ കാണാന്‍ തയ്യാറാവാതെ, നിമിഷയുടെ മാതാവിനെ കാണുന്നതിനാണ് കമ്മീഷന്‍ താല്‍പര്യം കാട്ടിയത്. ഒരു പ്രത്യേക സമുദായം നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി കമ്മീഷനെക്കൊണ്ട് പറയിപ്പിച്ച് പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കാനുള്ള സംഘപരിവാര നീക്കമാണ് ഇതിലൂടെ വ്യക്തമാവുന്നത്. കമ്മീഷനെ ഉപയോഗിച്ച് മുതലെടുപ്പു നടത്താനുള്ള സംഘപരിവാരനീക്കം കോഴിക്കോട് സിറ്റിങില്‍ പാളിയതോടെ ഇന്നലെ അതിരാവിലെ 8 മണിയോടെത്തന്നെ സിറ്റിങ് പൂര്‍ത്തിയാക്കി കമ്മീഷന്‍ അധ്യക്ഷ ഗസ്റ്റ്ഹൗസ് വിടുകയായിരുന്നു. കോഴിക്കോട് സിറ്റിങില്‍ സംഘപരിവാര കേന്ദ്രങ്ങളില്‍ നിന്ന് പീഡനത്തിന് ഇരയായവരുടെയും സംഘ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തിയ യുവതികളുടെയും കുടുംബങ്ങള്‍ പരാതികളുമായെത്തിയത് സംഘപരിവാര കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച പരാതി കേള്‍ക്കാനെത്തിയ കമ്മീഷനു മുന്നില്‍ അവതരിപ്പിക്കാന്‍ സംഘപരിവാരം നേരത്തെത്തന്നെ കുറച്ച് ആളുകളെ എത്തിക്കുകയും ചെയ്തു. എന്നാല്‍, സിറ്റിങ് തുടങ്ങി അല്‍പസമയത്തിനകം തന്നെ വിവിധ മതവിഭാഗങ്ങളില്‍ പെട്ടവര്‍ കൂട്ടമായി സിറ്റിങ് നടക്കുന്ന സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിലേക്ക് പരാതിയുമായെത്തി. അവരിലേറെയും മുസ്‌ലിം കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. പരാതികള്‍ ഏറിയതോടെ ചില പരാതികള്‍ ഒരേ കൈപ്പടയിലുള്ളതാണെന്നും ഇതിനു പിന്നില്‍ ചില സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും പറഞ്ഞു തടിയൂരാനായി ശ്രമം. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ അധ്യക്ഷ സൈനബയും സിറ്റിങിനെത്തി. തനിക്കെതിരേ ചില കേന്ദ്രങ്ങള്‍ നടത്തുന്ന വ്യക്തിഹത്യക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട എ എസ് സൈനബയോട് നിയമനടപടികളുമായി മുന്നോട്ടുപോവാനായിരുന്നു കമ്മീഷന്‍ അധ്യക്ഷയുടെ നിര്‍ദേശം. സാമൂഹിക മാധ്യമങ്ങളിലൂടെയും വാര്‍ത്താമാധ്യമങ്ങളിലൂടെയും തന്നെ ഇകഴ്ത്തിയും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരിനോടും പോലിസിനോടും ആവശ്യപ്പെടുമെന്ന് അവര്‍ ഉറപ്പുനല്‍കിയതായി സൈനബ പറഞ്ഞു. കേരളത്തിലെ കാര്യങ്ങളെക്കുറിച്ച് ഈ ചുരുങ്ങിയ സമയം കൊണ്ടു സംസാരിച്ചാല്‍ തീരില്ല. വിശദമായി ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകള്‍ തന്നെ വേണ്ടതുണ്ട്. ഓഫിസിലെത്തിയ ശേഷം ഇതു സംബന്ധിച്ച വിവരം നല്‍കാമെന്നും സൈനബയോട്  കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. വിളയോടി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) കൂടി രേഖാ ശര്‍മയുടെ മുന്നിലെത്തിയതോടെ അവരുടെ മുന്‍ധാരണകളെല്ലാം മാറി എന്നു വേണം കരുതാന്‍. ഡോ. ഹാദിയ മുതല്‍ ഘര്‍വാപസി കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട ഡോ. ശ്വേത വരെയുള്ളവരുടെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയ എന്‍സിഎച്ച്ആര്‍ഒ പ്രതിനിധിസംഘത്തോട് തികച്ചും അനുഭാവപൂര്‍വമായിരുന്നു അധ്യക്ഷയുടെ പ്രതികരണം. മാധ്യമപ്രചാരണത്തില്‍ നിന്നു വ്യത്യസ്തമായ അറിവാണ് തന്റെ സന്ദര്‍ശനത്തിലൂടെയും ഇരകളുമായുള്ള സംവാദത്തിലൂടെയും ലഭിച്ചതെന്ന് അവര്‍ സംഘത്തോട് തുറന്നുപറഞ്ഞു. ബലപ്രയോഗത്തിലൂടെ പെണ്‍കുട്ടികളെ ചില പീഡനകേന്ദ്രങ്ങളില്‍ എത്തിച്ചു നിര്‍ബന്ധിത മതംമാറ്റം നടത്തുന്നതിനെ നിശിതമായി വിമര്‍ശിച്ച കമ്മീഷന്‍, ഡോ. ഹാദിയ തന്റേടവും ആര്‍ജവവും ഉള്ള യുവതിയാണെന്ന് സംഘത്തോട് സമ്മതിക്കുകയും ചെയ്തു. സിറ്റിങിലേക്കെത്തിയ സംസ്ഥാന വനിതാ കമ്മീഷന്‍ മു ന്‍ അംഗവും വനിതാ ലീഗ് നേതാവുമായ അഡ്വ. നൂര്‍ബിനാ റഷീദ് പൊതുജനത്തെയും സംസ്ഥാന വനിതാ കമ്മീഷനെയും അറിയിക്കാതെ കമ്മീഷന്‍ സിറ്റിങ് നടത്തിയതിനെ വിമര്‍ശിച്ചു. തൃപ്പൂണിത്തുറയിലെ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രത്തെക്കുറിച്ചും ഹാദിയയുടെ ജീവന്‍ അപകടത്തിലാണെന്നതിനെക്കുറിച്ചും അന്വേഷിച്ച് നടപടിയെടുക്കണമെന്ന് അവര്‍ രേഖാ ശര്‍മയോട് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്്തു. ഘര്‍വാപസി പീഡനകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട അഷിതയും മലപ്പുറം സ്വദേശിനിയും ഭര്‍തൃസമേതം കമ്മീഷനു മുന്നിലെത്തി. കാംപസ് ഫ്രണ്ട്, ജിഐഒ പ്രവര്‍ത്തകരും പരാതി നല്‍കാന്‍ എത്തി.സംഘപരിവാരത്തിനെതിരായ പരാതികള്‍ വീണ്ടും വീണ്ടുമെത്തിയതോടെ കാര്യങ്ങള്‍ ശരിക്കും ബോധ്യപ്പെട്ടുവെന്നാണ് സിറ്റിങിനു ശേഷം അവര്‍ നടത്തിയ വാര്‍ത്താസമ്മേളനം തെളിയിക്കുന്നത്. എല്ലാ വിഭാഗങ്ങള്‍ക്കിടയിലും നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോട് തുറന്നു സമ്മതിച്ച അധ്യക്ഷ ഇതിനെക്കുറിച്ചെല്ലാം അന്വേഷിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുമെന്ന് വ്യക്തമാക്കുകയും ചെയ്തു. മതപരിവര്‍ത്തന വിവാഹങ്ങളെ ലൗജിഹാദെന്നു വിളിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും പ്രത്യേക സ്ഥാപനങ്ങളുടെ പേര് പറയുന്നില്ലെന്നുകൂടി അവര്‍ പറഞ്ഞതോടെ മഞ്ചേരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സത്യസരണിയെ പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കാനായി സംഘപരിവാര മാധ്യമസ്ഥാപനത്തിലെ ലേഖകന്റെ ശ്രമം. സത്യസരണിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നെന്ന ആരോപണവുമായെത്തിയ ചാനല്‍ ലേഖകനോട് സത്യസരണിയെക്കുറിച്ച് മാത്രമല്ല, യോഗാ കേന്ദ്രത്തെക്കുറിച്ചും പരാതി ലഭിച്ചിട്ടുണ്ടെന്നും അക്കാര്യങ്ങളും അന്വേഷിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അവര്‍ വ്യക്തമാക്കി. ഇതോടെ ന്യൂനപക്ഷ സമുദായത്തെ തല്ലാന്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വടി സ്വന്തം മുതുകില്‍ വീണ അവസ്ഥയിലായി സംഘപരിവാരം.
Next Story

RELATED STORIES

Share it