palakkad local

പൊതുഗതാഗത മേഖലയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഫലം കണ്ടു തുടങ്ങി : കെഎസ്ആര്‍ടിസി പാലക്കാട് ഡിപ്പോയില്‍ വരുമാനത്തില്‍ വര്‍ധന



പാലക്കാട്: കെഎസ്ആര്‍ടിസി പാലക്കാട് ഡിപ്പോയില്‍ വരുമാനം കൂടി.  2016 മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷത്തെ വരുമാനത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്.  2017 മാര്‍ച്ചില്‍ 39,217,515രൂപയും ഏപ്രിലില്‍ 41,986,595 ഉം മെയ് മാസത്തില്‍ 44,048,171 രൂപയും കലക്ഷന്‍ നേടി. 2016ല്‍ യഥാക്രമം 33,166,860, 37,447,663,   47,544,975 രൂപയുമായിരുന്നു കലക്ഷന്‍. കെഎസ്ആര്‍ടിസി, ജനറല്‍ വിഭാഗത്തിലെ ആകെ കലക്ഷനിലാണ് ഡിപ്പോയില്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ മുന്നേറ്റമുണ്ടായത്. പൊതുഗതാഗത മേഖലയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഫലം കണ്ടുതുടങ്ങിയെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. ഡിപ്പോയില്‍ ആകെ 90 ഷെഡ്യൂളുകളില്‍ 77 എണ്ണം ചാലായിട്ടുള്ളത്. 11 ജന്റം ഷെഡ്യൂളും സര്‍വീസ് നടത്തുന്നു. ഇതില്‍ 28 ഇന്റര്‍ സ്‌റ്റേറ്റ് സര്‍വീസുണ്ട്. കോയമ്പത്തൂര്‍ 14ഉം പൊള്ളാച്ചി ആറും ബംഗളൂരു ഒന്നും സര്‍വീസുണ്ട്. ഇന്റര്‍ സ്‌റ്റേറ്റ് സര്‍വീസ് ഉള്‍പ്പെടെ കലക്ഷനില്‍ കഴിഞ്ഞ മാസങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടായി. വരുമാനത്തില്‍ കാര്യമായ മുന്നേറ്റമുണ്ടായെങ്കിലും ജീവനക്കാരുടെയും ബസ്സുകളുടെയും കുറവുണ്ട്. നിലവിലെ ജീവനക്കാര്‍ അധികസമയം ജോലി ചെയ്താണ് സര്‍വീസുകള്‍ പലതും മുടക്കമില്ലാതെ മുന്നോട്ടുകൊണ്ടുപോവുന്നത്. 50 വീതം കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും കുറവുണ്ട്. മിനിസ്റ്റീരിയല്‍ സ്റ്റാഫടക്കം ആകെ 651 ജീവനക്കാരാണ് ഡിപ്പോയിലുള്ളത്. ഡ്രൈവര്‍ 251, കണ്ടക്ടര്‍ 237, മെക്കാനിക്കല്‍ 93, മിനിസ്റ്റീരിയല്‍ 33, ഇന്‍സ്‌പെക്ടര്‍ 21, സ്‌റ്റേഷന്‍ മാസ്റ്റര്‍ 9, ഗാര്‍ഡ് 7 എന്നിങ്ങനെയാണ് ജീവനക്കാരുടെ എണ്ണം. ജീവനക്കാരുടെ കുറവ് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നെങ്കിലും സര്‍വീസുകള്‍ മുടക്കാത്തതു മൂലമാണ് കലക്ഷനില്‍ നേട്ടമുണ്ടാവാന്‍ കാരണം. കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും ഒഴിവു നികത്തുന്നതോടെ ഡിപ്പോയിലെ വരുമാനത്തില്‍ ഇനിയും വര്‍ധനയുണ്ടാവും.
Next Story

RELATED STORIES

Share it