kannur local

പൊതുകുളം കൈയേറാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

ഇരിക്കൂര്‍: പടിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുയിലൂരിലെ പൊതുകുളം മണ്ണിട്ട് നികത്തി കൈയേറാനുള്ളസ്വകാര്യ വ്യക്തിയുടെ നീക്കം നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും തടഞ്ഞു.
കുയിലൂര്‍ വളവിലെ മുണ്ടോത്തില്‍ 75 വര്‍ഷമായി പഞ്ചായത്തിന്റെ അധീനതയിലുള്ളതും 10 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നതുമായ കുളമാണ് സ്വകാര്യ വ്യക്തി മണ്ണിട്ടു നികത്താന്‍ ശ്രമിച്ചത്. 30 അടി ആഴമുള്ള കുളം പഴയ പടിയൂര്‍ വില്ലേജ് ഓഫിസിനും ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയോരത്തുമായാണ് സ്ഥിതി ചെയ്യുന്നത്. സ്വകാര്യ വ്യക്തി വാങ്ങിയ വയലിനോട് ചേര്‍ന്നാണ് കുളം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം മുതല്‍ കുയിലൂര്‍ വളവിലെ കുന്നിടിച്ച് വയല്‍ മണ്ണിട്ട് നികത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയയാണ് കുളവും നികത്താന്‍ ശ്രമം തുടങ്ങിയത്. അവധി ദിവസവും രാത്രിയുമായണ് കുളം മൂടാന്‍ ശ്രമിച്ചത്. ഇതു ശ്രദ്ധയില്‍പ്പെട്ട് സമീപവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് പ്രവൃത്തി തടയുകയായിരുന്നു.
കുയിലൂരില്‍ മൂന്നേക്കര്‍ വരുന്ന വയലിലെ 40 സെന്റോളം മണ്ണിട്ടു നികത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതിനെതിരേ പ്രദേശവാസിക ള്‍ ഒപ്പു ശേഖരിച്ച് ഇരിക്കൂര്‍ പോലിസിനും റവന്യു ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു. വയല്‍ നികത്തുന്നതോടെ പഴശ്ശി അണക്കെട്ടിനടുത്തുള്ള മൂന്നര കിലോമീറ്ററോളം ദൂരത്തിലെ പ്രദേശത്തെ നീരുറവ വറ്റി കുടിവെള്ളക്ഷാമം ഉണ്ടാവുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അറിയിച്ചു.
1940 മുതല്‍ കുളം പൊതുകുളമായി പഞ്ചായത്തിനെ ഏല്‍പ്പിച്ചതാണ്. പടിയൂര്‍ കല്യാട് ഗ്രാമപ്പഞ്ചായത്തംഗമായിരുന്ന എം കെ കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തില്‍ കുളം ശുചിയാക്കുകയും കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് തുടങ്ങുകയും ചെയ്തിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകരായ അഡ്വ. കെ കെ മാത്യു, ഭാസ്‌കരന്‍ വെള്ളൂര്‍, കെ കെ മോഹനന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി മണ്ണിട്ടു നികത്താനുള്ള ശ്രമം തടയണമെന്നും നെല്‍വയലില്‍ ഇട്ട മണ്ണ് മുഴുവന്‍ മറ്റി പൂര്‍വസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരിക്കൂര്‍ പോലിസ്, പടിയൂര്‍ വില്ലേജ്, പടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി എന്നിവരെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തിയെ കൊണ്ടു തന്നെ മണ്ണെടുപ്പിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
നിലവിലുള്ള ജലസ്രോതസ്സുകള്‍ മണ്ണിട്ടു നികത്തുന്നവര്‍ക്കെതിരേയും കുന്നിടിക്കുന്നവര്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it