പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

പത്തനാപുരം(കൊല്ലം): ജില്ലാ അതിര്‍ത്തിയായ കോന്നി വനം ഡിവിഷനു കീഴിലുള്ള പാടം പറക്കുളം ക്ഷേത്രത്തിനു സമീപം കൊമ്പനെ ഷോക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ആനയെ ചരിഞ്ഞനിലയില്‍ കണ്ടത്. ഒരു വര്‍ഷം മുമ്പ് ഫോറസ്റ്റ് വാച്ചറെ ചവിട്ടിക്കൊന്ന കാട്ടാനയാണു ചരിഞ്ഞത്.
മണ്ണാറപ്പാറ ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ വരുന്ന പാടം കിഴക്കെ വെള്ളംതെറ്റിയില്‍ വച്ചാണു ചെമ്പനരുവി ബിന്ദു ഭവനില്‍ രാഘവനെ (55) ഒരു വര്‍ഷം മുമ്പ് കാട്ടാന ചവിട്ടിക്കൊന്നത്. താല്‍ക്കാലിക ജീവനക്കാരനായിരുന്നു രാഘവന്‍. ഈ കാട്ടാനയെയാണ് കോന്നി വനം ഡിവിഷനു കീഴിലുള്ള പാടം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ പറക്കുളം ക്ഷേത്രത്തിനു സമീപം വൈദ്യുതാഘാതമേറ്റു ചരിഞ്ഞനിലയില്‍ കണ്ടത്.
മൂഴിയാര്‍-ഇടമണ്‍ 220 കെവി ലൈനില്‍ നിന്നാണു ഷോക്കറ്റത്. വലിയ ശബ്ദം കേട്ടതിനെ തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാര്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കൊമ്പനാനയെ ചരിഞ്ഞനിലയില്‍ കണ്ടത്.
ഏകദേശം 45 വയസ്സ് പ്രായം വരും. 220 കെവി ലൈനിലെ ന്യൂട്രല്‍ ലൈന്‍ പൊട്ടി നിലത്തു കിടന്ന നിലയിലായിരുന്നു. ഈ പൊട്ടിയ ലൈനില്‍ ആന പിടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി കടന്നുപോവുന്ന ലൈനില്‍ തട്ടിയാവാം ഷോക്കേറ്റതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
വനംവകുപ്പ് ഡിഎഫ്ഒയെയും കെഎസ്ഇബി അധികൃതരെയും വനപാലകര്‍ വിവരമറിയിച്ചു. കെഎസ്ഇബിക്കെതിരേ വനംവകുപ്പ് കെസെടുക്കുകയും ചെയ്തു.
ഡിഎഫ്ഒ ടി പ്രദീപ്കുമാര്‍, ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ. ജയകുമാര്‍, റേഞ്ച് ഓഫിസര്‍ കെ സുകു എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വേര്‍പെടുത്തിയെടുത്ത കൊമ്പ് വനംവകുപ്പ് ഏറ്റെടുത്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം രാത്രി ഒരുമണിയോടെ വനത്തില്‍ തന്നെ ആനയെ സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it