palakkad local

പൊട്ടിയ സ്ലാബുകള്‍ മാറ്റാതെ പൊതുമരാമത്തും പഞ്ചായത്തും

കൊല്ലങ്കോട്: ടൗണിലെ തകര്‍ന്ന സ്ലാബുകള്‍ ഒടുവില്‍ വ്യാപാരികള്‍ക്ക് തന്നെ മാറ്റേണ്ടി വന്നു. ബലക്ഷയം കാരണം തകര്‍ന്ന സ്ലബ് യാത്രക്കാരെ ഓടകളില്‍ വീഴ്ത്തുന്നത് പതിവായതോടെയാണ് വ്യാപാരികള്‍ തന്നെ സ്ലാബ് മാറ്റാനിറങ്ങിയത്.
ഓടകളില്‍ വീണു യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടും ഇവയെല്ലാം ശരിയാക്കേണ്ട പൊതുമരാമത്ത് വകുപ്പും പഞ്ചായത്തും ഒഴുത്തുമാറി പരസ്പരം കുറ്റപ്പെടുത്തുന്നത് തുടരുകയായിരുന്നു.
പത്തുമാസം മുമ്പ് പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്റര്‍ കമ്മിറ്റി യോഗത്തില്‍ ഓടകളുടെ ശുചീകരണം നടത്തുന്നതിനും പൊട്ടിപൊളിഞ്ഞ സ്ലാബുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുമെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയെങ്കിലും ഇന്നലെ വരെ ഒന്നും നടന്നില്ല. ഇതിനിടെ നിരവധി ആളുകള്‍ ഓടകളില്‍ വീണ് പരിക്കേറ്റു. എന്നിട്ടും ഒരു നടപടിയുമില്ലാതെ വന്നപ്പോഴാണ് വ്യാപാരികള്‍ ഓടകളുടെ മുകുളില്‍ അപകടാവസ്ഥയിലുള്ളതും പൊട്ടി പൊളിഞ്ഞതുമായ സ്ലാബ് മാറ്റി പുതിയവ സ്ഥാപിച്ചത്. ചെലവുകള്‍ വ്യാപാരികള്‍ സ്വയം വഹിക്കുകയായിരുന്നു. പുലിക്കോട് അയ്യപ്പക്ഷേത്രം മുതല്‍ ടൗണിലെ ചീരണി റോഡ് വരെയുള്ള സ്ലാബുകളാണ് മാറ്റി സ്ഥാപിച്ചത്. മലിനജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുമ്പോഴും ശുചീകരണം നടത്തുന്നതിനെപ്പറ്റി പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും തമ്മില്‍ അഭിപ്രായ വ്യത്യാസം തുടരുകയാണ്.

Next Story

RELATED STORIES

Share it