malappuram local

പൊടിയില്‍ മുങ്ങി മഞ്ചേരി നഗരം

മഞ്ചേരി: മഴ മാറിയതോടെ മഞ്ചേരി നഗരത്തില്‍ പൊടിശല്യം രൂക്ഷമായി. തകര്‍ന്നടിഞ്ഞു കിടക്കുന്ന പഴയ ബസ് സ്റ്റാന്റ് പരിസരത്താണ് പ്രശ്‌നം യാത്രക്കാരേയും വ്യാപാരികളേയും വലയ്ക്കുന്നത്. സ്റ്റാന്റിന്റെ തകര്‍ച്ച യാത്രാദുരിതം വര്‍ധിപ്പിക്കുന്നതിനൊപ്പമാണ് പൊടിശല്യവും രൂക്ഷമാക്കിയിരിക്കുന്നത്. മൂക്കു പൊത്താതെ കടന്നുപോവാനാവാത്ത ഗതികേടിലാണ് യാത്രക്കാര്‍. മെഡിക്കല്‍ കോളജിലേക്കുള്ള യാത്രക്കാരടക്കാണ് ഇതുവഴി പ്രധാനമായും കടന്നുപോവുന്നത്. ഓഖി ചുഴലിക്കാറ്റ് സൃഷ്ടിച്ച കാലാവസ്ഥാ വ്യതിയാനത്തിനു പിന്നാലെ പകല്‍ സമയത്ത് കനത്ത ചൂടും കാറ്റുമാണ് നഗരത്തില്‍. ഇത് പൊടിശല്യം രൂക്ഷമാക്കുന്നു. ബസ്സുകള്‍ കടന്നുപോവുമ്പോഴും കാറ്റിനൊപ്പവും സ്റ്റാന്റില്‍ നിറയുന്ന പൊടി വിദ്യാര്‍ഥികളേയും പ്രായമേറിയവരേയും അക്ഷരാര്‍ഥത്തില്‍ വലയ്ക്കുകയാണ്. പഴയ സ്റ്റാന്റ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യാപാരികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പൊടിക്കാറ്റ് ശ്വസിച്ചു വേണം പകല്‍ മുഴുവന്‍ വ്യാപാരം നടത്താന്‍. കടുത്ത പൊടിശല്യം കാരണം കടകളില്‍ വില്‍പനക്കുവെച്ച സാധനങ്ങളും നശിക്കുന്നതായി വ്യാപാരികള്‍ പരാതിപ്പെടുന്നു. അറ്റകുറ്റപ്പണി പൂര്‍ത്തിയായി ഒരു വര്‍ഷത്തിനകം തന്നെ സ്റ്റാന്റിന്റെ പ്രതലം തകര്‍ന്നടിഞ്ഞിരുന്നു. പ്രവൃത്തിയിലെ അഴിമതിയാണ് ഇതിനു കാരണമെന്ന പരാതി ഉയര്‍ന്നിരുന്നെങ്കിലും അന്വേഷണങ്ങള്‍ ഉണ്ടായില്ല. നിര്‍മാണത്തിലെ അഴിമതി ജനങ്ങളെ പൊടി തീറ്റിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നത്തിന് പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it