Flash News

പൊടിമീനുകള്‍ ജൈവപരിണാമത്തിലെ നിര്‍ണായക കണ്ണികള്‍: റാള്‍ഫ് ബിറ്റ്‌സ്‌

കൊച്ചി: പശ്ചിമഘട്ട പര്‍വതനിരകള്‍ ഉള്‍പ്പെടെയുള്ള ഉഷ്ണമേഖലാ ആവാസവ്യവസ്ഥകളില്‍ കാണുന്ന പൊടിമീനുകള്‍  ജൈവപരിണാമത്തിലെ നിര്‍ണായക കണ്ണികളാണെന്ന് ബ്രിട്ടിഷ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞനായ റാള്‍ഫ് ബിറ്റ്‌സ്. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയില്‍ (കുഫോസ്) വിദ്യാര്‍ഥികളോടും ഗവേഷകരോടും സംസാരിക്കുകയായിരുന്നു റാള്‍ഫ് ബിറ്റ്‌സ്. 26 മില്ലിമീറ്റര്‍ വരെ വലുപ്പമുള്ള മീനുകളെയാണ് പൊടിമീനുകള്‍ അഥവാ ടൈനി ഫിഷ് എന്ന ഗണത്തില്‍ ശാസ്ത്രലോകം പെടുത്തുന്നത്.  ഇന്ത്യയും ബ്രസീലും ഉള്‍പ്പെടെയുള്ള ഉഷ്ണമേഖലാ രാജ്യങ്ങള്‍ പൊടിമീനുകളുടെ വൈവിധ്യത്തിന്റെ കലവറയാണെന്ന് റാള്‍ഫ് ബിറ്റ്‌സ് പറഞ്ഞു. പരിസ്ഥിതി സന്തുലനത്തിലും ജൈവ ചങ്ങലയിലും പൊടിമീനുകളുടെ പങ്കിന്റെ പ്രാധാന്യം എന്താണെന്നു ശാസ്ത്രലോകം ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളൂ. മനുഷ്യരുടെ സാന്നിധ്യം അധികമില്ലാത്ത കന്യാവനങ്ങളിലെ ജലാശയങ്ങളിലാണ് പൊടിമീനുകള്‍ മുഖ്യമായും കണ്ടുവരുന്നത്. ഉഷ്ണമേഖലാ രാജ്യങ്ങളില്‍ ഉയര്‍ന്ന അളവില്‍ സംഭവിക്കുന്ന പരിസ്ഥിതിനാശം പൊടിമീനുകളുടെ ആവാസവ്യവസ്ഥകള്‍ ഇല്ലാതാക്കുകയാണെന്ന് റാള്‍ഫ് ബിറ്റ്‌സ് പറഞ്ഞു. ഉഷ്ണമേഖലാ രാജ്യങ്ങളില്‍ നിന്ന് 100ഓളം പുതിയ മല്‍സ്യ ഇനങ്ങളെ കണ്ടെത്തിയിട്ടുള്ള റാള്‍ഫ് ബിറ്റ്‌സ്  ഫിഷ് ടാക്‌സോണമിസ്റ്റ് കൂടിയാണ്.
Next Story

RELATED STORIES

Share it