kannur local

പൊടിക്കുണ്ട് സ്‌ഫോടനം: നഷ്ടപരിഹാര കണക്കെടുപ്പ് അന്തിമഘട്ടത്തില്‍

കണ്ണൂര്‍: സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് നാശനഷ്ടമുണ്ടായ പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയില്‍ നഷ്ടപരിഹാര കണക്കെടുപ്പ് അന്തിമ ഘട്ടത്തില്‍. സ്‌ഫോടനത്തില്‍ കേടുപാട് പറ്റിയതായി കണ്ടെത്തിയ 85 വീടുകളില്‍ രണ്ട് വീടുകള്‍ ഒഴികെയുള്ള മറ്റ് വീടുകളില്‍ സംഘം പരിശോധന നടത്തി കണക്കെടുത്തു.
കോര്‍പറേഷന്‍ അസി. എന്‍ജിനീയര്‍മാരായ മോഹനന്‍, നവ്യ, ഓവര്‍സിയര്‍ രാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കണക്കെടുക്കുന്നത്. തിങ്കളാഴ്ച തുടങ്ങിയ കണക്കെടുപ്പിന്റെ വിശദ വിവരങ്ങള്‍ നാലാ ദിവസത്തെ പരിശോധനയ്ക്കു ശേഷം കലക്ടര്‍ക്കു സമര്‍പ്പിക്കും. നേരത്തേ റവന്യൂ സംഘം കണക്കാക്കിയ 91 ലക്ഷം രൂപ അപര്യാപ്തമാണെന്ന് ആക്ഷേപിച്ച് പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്തെത്തിയതോടെയാണ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ വീണ്ടും കണക്കെടുക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയത്. മട്ടന്നൂര്‍ മോഡല്‍ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് ആക് ഷന്‍ കമ്മിറ്റിയുടെ തീരുമാനം. ഇതിനായി പൊടിക്കുണ്ട് പാക്കേജ് പ്രഖ്യാപണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
അതേസമയം, വിഷുവിനു മുമ്പ് അടിയന്തിര നഷ്പരിഹാരം സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നു ഉറപ്പ് ലഭിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുവരാനാണു തീരുമാനം. മഴ എത്തുന്നതിനു മുമ്പ് വീടുകള്‍ അറ്റകുറ്റപ്പണി നടത്തി താമസ സൗകര്യം ഉറപ്പാക്കണമെന്നും ആക്ഷന്‍ കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ 24ന് രാത്രിയാണ് കോളനിയിലെ അനൂപിന്റെ വീട്ടില്‍ സൂക്ഷിച്ച സ്‌ഫോടക വസ്ുക്കള്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായി തകര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it